Sorry, you need to enable JavaScript to visit this website.

യോഗയില്‍ വിവേചനമില്ല, ഐക്യത്തിനുള്ള പ്രേരകശക്തിയായി മാറി- മോഡി

ന്യൂദല്‍ഹി- യോഗ ഉയര്‍ത്തിപ്പിടിക്കുന്നത് ഐക്യമാണെന്നും അതില്‍ വിവേചനമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. വര്‍ഗം, നിറം, ലിംഗഭേദം, വിശ്വാസം, രാഷ്ട്രങ്ങള്‍ എന്നിവക്കെല്ലാമപ്പുറം യോഗ ഐക്യത്തിന്റെ വലിയ ശക്തിയായി ഉയര്‍ന്നുവന്നിരിക്കയാണെന്ന്  പ്രധാനമന്ത്രി പറഞ്ഞു.

കൊറോണ വൈറസ് മഹാമരിയുടെ കാലത്ത് ലോകത്തിന് എന്നത്തേക്കാളും യോഗയുടെ ആവശ്യകത വര്‍ധിച്ചിരിക്കയാണെന്നും ആറാമത് അന്താരാഷ്ട്ര യോഗ ദിനത്തില്‍  നല്‍കിയ സന്ദേശത്തില്‍ പ്രധാനമന്ത്രി മോഡി പറഞ്ഞു.

പ്രതിരോധശേഷി ശക്തമാണെങ്കില്‍ നമുക്ക് എളുപ്പം ഈ രോഗത്തെ പരാജയപ്പെടുത്താന്‍ സാധിക്കുന്നു. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായകമായ നിരവധി ആസനങ്ങള്‍  യോഗയിലുണ്ട്. കോവിഡ് 19 പ്രധാനമായും നമ്മുടെ ശ്വസനവ്യവസ്ഥയെയാണ് ആക്രമിക്കുന്നതെന്നും അത് തടയാന്‍ ശ്വസന വ്യായാമമായ പ്രാണായാമത്തിലൂടെ സാധിക്കുമെന്നും  മോഡി പറഞ്ഞു.

ആരോഗ്യത്തോടെയുള്ള ലോകത്തിനുവേണ്ടിയുള്ള അന്വേഷണത്തിനുള്ള ഉത്തരമാണ് യോഗ. മനുഷ്യരാശിയുടെ ബന്ധങ്ങളെ കൂടുതല്‍ ശക്തമാക്കുന്ന തരത്തില്‍ ഐക്യത്തിനുള്ള പ്രേരക ശക്തിയായി യോഗ ഉയര്‍ന്നുവന്നിട്ടുണ്ട്.  

നമ്മുടെ ആരോഗ്യവും പ്രത്യാശയും നന്നായി മനസ്സിലാക്കാനും മുന്നോട്ടു കൊണ്ടോപാകനും കഴിഞ്ഞാല്‍  ആരോഗ്യകരവും സന്തുഷ്ടവുമായ മാനവികത കെട്ടിപ്പടുക്കാന്‍ സാധിക്കുമെന്നും അതു വിദൂരമല്ലെന്നും രാവിലെ സംപ്രേഷണം ചെയ്ത സന്ദശേത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

ജോലി ചെയ്യുന്നതും കൃത്യമായി ചുമതലകള്‍ നിര്‍വഹിക്കുന്നതും യോഗയാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് 19 പകര്‍ച്ചവ്യാധി വ്യാപിച്ചു കൊണ്ടിരിക്കെ ഇക്കുറി അന്താരാഷ്ട്ര യോഗ ദിനം ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഒതുങ്ങിയിരിക്കയാണ്. വീട്ടില്‍ യോഗ, കുടുംബത്തോടൊപ്പം യോഗഎന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ  തീം.

ഇന്ത്യ മുന്നോട്ടുവെച്ച നിര്‍ദേശം അംഗീകരിച്ചുകൊണ്ട് 2014 ഡിസംബര്‍ 11നാണ് ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി യു.എന്‍ പൊതുസഭ അംഗീകരിച്ചത്.

 

Latest News