Sorry, you need to enable JavaScript to visit this website.

'ബഹുമാനപ്പെട്ട പ്രധാന മന്ത്രി... എന്റെ ജോലി തെറിക്കുമോ?' മോഡിക്ക് മാധ്യമപ്രവര്‍ത്തകന്‍ രവിഷ് കുമാറിന്റെ കത്ത്

പ്രധാമന്ത്രി നരേന്ദ്ര മോഡി ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന സംഘപരിവാര്‍ ബന്ധമുള്ള ഏതാനും ചിലരില്‍ നിന്ന് വാട്‌സാപ്പിലൂടെ നിരന്തരം ഭീഷണികള്‍ നേരിട്ടു കൊണ്ടിരിക്കുന്ന എന്‍ ഡി ടി വിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രവിഷ് കുമാര്‍ പ്രധാമന്ത്രിക്ക് എഴുതിയ തുറന്ന കത്തിന്റെ പൂര്‍ണരൂപം.

കൊല്ലുമെന്നും ജോലി തെറിപ്പിക്കുമെന്നുമുള്ള ഭീഷണി മുഴക്കുന്നവരെ തുറന്ന് കാട്ടിയാണ് ഈ കത്ത് എഴുതിയിരിക്കുന്നത്.    

ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോഡിജി: 

താങ്കള്‍ സന്തുഷ്ടനായി തന്നെയിരിക്കുന്നുവെന്ന് പ്രതീക്ഷ മാത്രമല്ല, എനിക്കുറപ്പുണ്ട്. താങ്കളുടെ നല്ല ആരോഗ്യത്തിനു വേണ്ടിയും താങ്കളുടെ പരിധികളില്ലാത്ത ഊര്‍ജസ്വലത ഭംഗം വരാതെ നിലനില്‍ക്കാനും എപ്പോഴും എന്റെ പ്രാര്‍ത്ഥനയുമുണ്ട്. 

ഈ എഴുത്തിന്റെ സാധ്യതകള്‍ വളരെ പരിമിതമാണ്. ഭാഷയിലെ മാന്യതയ്ക്ക് ഒരു വിലയുമില്ലാത്ത ഇടമായി സാമൂഹിക മാധ്യമങ്ങള്‍ മാറിയിരിക്കുന്നുവെന്നത് പൊതുവായി എല്ലാവര്‍ക്കും അറിയാം. താങ്കളുടെ പാര്‍ട്ടി അംഗങ്ങളും താങ്കളെ പിന്തുണയ്ക്കുന്നവരും മാത്രമല്ലെ ഇങ്ങനെ ചെയ്യുന്നത്, പ്രതിപക്ഷത്തുള്ളവരുമുണ്ട്. ഇത്തരക്കാരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്.

ഏറ്റവും ഖേദകരമായ വസ്തുത എന്തെന്നു വച്ചാല്‍, വളരെ വികൃതമായ രീതിയിലുള്ള ഭാഷാപ്രയോഗം നടത്തുകയും വകതിരിവില്ലാതെ ഭീഷണി മുഴക്കുകയും ചെയ്യുന്ന ഇത്തരക്കാരില്‍ ചിലരെ താങ്കളും ട്വിറ്ററില്‍ ഫോളോ ചെയ്യുന്നുണ്ട് എന്നുള്ളതാണ്. ഇവരുടെ യഥാര്‍ത്ഥ മുഖം പൊതുജനമധ്യേ തുറന്നകാട്ടപ്പെട്ടിട്ടും വിവാദമായിട്ടു പോലും അവരുടെ അക്കൗണ്ടുകളെ താങ്കള്‍ അണ്‍ഫോളോ ചെയ്യാന്‍ തുനിഞ്ഞിട്ടില്ല. ഇത്തരക്കാരുടെ ബന്ധങ്ങള്‍ താങ്കള്‍ക്കോ അല്ലെങ്കില്‍ താങ്കളുടെ ഓഫീസിന്റെ അന്തസ്സിനോ ചേരാത്തതാണ്. ഇവരിലുള്ള പ്രത്യേക കഴിവുകള്‍ മനസ്സിലാക്കാന്‍ ഇവരുടെ അക്കൗണ്ടുകള്‍ താങ്കള്‍ പരിശോധിക്കണമായിരുന്നു. എങ്കിലും, തടയാനും, അപഹസിക്കാനും വര്‍ഗീയത ഇളക്കിവിടാനുമുള്ള കഴിവുകള്‍ ഇവര്‍ക്കിടയില്‍ ഇല്ലെന്നാണ് എന്റെ പ്രതീക്ഷ.

 

ഇത്തരം കാര്യങ്ങളൊക്കെ കൈകാര്യം ചെയ്യാന്‍ മാത്രം സമയം താങ്കള്‍ക്കു ലഭിക്കുന്നില്ലെന്ന് എനിക്ക് മനസ്സിലാകും. എന്നാലും താങ്കളുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇത്തരക്കാരെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നില്ലെന്നു ഉറപ്പു വരുത്താന്‍ കഴിയും. താങ്കളുടെ അന്തസ്സിനെയാണ് ഇവര്‍ തകിടം മറിക്കുന്നത്. ഇന്ത്യയിലെ ജനങ്ങള്‍ താങ്കളോട് അളവറ്റ സ്‌നേഹം പ്രകടിപ്പിച്ചിട്ടുണ്ട്. എവിടെയെങ്കിലും അവര്‍ കുറവ് വരുത്തിയിട്ടുണ്ടെങ്കില്‍ താങ്കള്‍ക്ക് അവരോട് ചോദിക്കാം. സന്തോഷത്തോടെ എത്രവേണമെങ്കിലും തരാന്‍ തയാറാകും. എന്നാല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നവര്‍ ജീവിച്ചിരിക്കുന്നതില്‍ ഖേദിക്കുന്ന ആളുകളെ ഫോളോ ചെയ്യുന്നത് ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് ഭൂഷണമല്ല.

'ഓം ധര്‍മോ രക്ഷതി രക്ഷിത' എന്ന ഒരു വാട്‌സാപ്പ് ഗ്രൂപ്പിലെ ഏറ്റവും മോശപ്പെട്ട അസഭ്യം പറയുകയും വര്‍ഗീയ പ്രഹരമുണ്ടാക്കുകയും ഞാനടക്കമുള്ള ആത്മാഭിമാനമുള്ള രാജ്യസ്‌നേഹികളെ തീവ്രവാദികളായി മുദ്രകുത്തുകയും ചെയ്യുന്ന ആളുകളെ താങ്കള്‍ ഫോളോ ചെയ്യുന്നുണ്ട് എന്ന് ഓള്‍ട്ട് ന്യൂസ് ഡോട്ട് ഇന്‍ എന്ന വെബ്‌സൈറ്റില്‍ വായിച്ചതിനു ശേഷം ഞാന്‍ ഭീതിയിലാണെന്ന കാര്യം ഇവിടെ തുറന്നു സമ്മതിക്കട്ടെ. എനിക്കും മറ്റു ചില പത്രപ്രവര്‍ത്തകര്‍ക്കുമെതിരെ ഉപയോഗിച്ച വാക്കുകള്‍ ഇവിടെ പറയാന്‍ പോലും എനിക്കു കഴിയില്ല. കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോള്‍ പോലും താങ്കളെ ബഹുമാനിക്കുക എന്നത് എന്റെ കടമയാണ്. അതുകൊണ്ട് എനിക്കിത് സങ്കോചമില്ലാതെ പറയാന്‍ കഴിയും. വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഈ ഗ്രൂപ്പിലുള്ളവര്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ തീര്‍ത്തും നാണക്കേടുണ്ടാക്കുന്നതാണ്.

മാന്യമല്ലാത്ത ഭാഷാപ്രയോഗങ്ങളില്‍ നിന്ന് താങ്കള്‍ക്കു പോലും രക്ഷയില്ല എന്നത് എന്നെ ശരിക്കും ദുഃഖിതനാക്കുന്നു. താങ്കളുടെ ക്യാമ്പിലാണെന്ന് അവകാശപ്പെട്ട്, എന്നെ പോലെ ഒറ്റപ്പെട്ട മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്ന ഇവരുടെ വിഷയമാണ് ഞാന്‍ ഇപ്പോള്‍ ഉന്നയിക്കുന്നത്. ഈ വാട്‌സാപ്പില്‍ ഗ്രൂപ്പിന്‍ നിന്നും അകലം പാലിക്കാന്‍ ഞാന്‍ ശ്രമിച്ചപ്പോഴെല്ലാം പരുക്കന്‍ ഭാഷയില്‍ എന്നെ അവര്‍ വേട്ടയാടുന്നു. 'അവനെ പിടിക്കൂ, രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്, അടിക്കവനെ' എന്ന രീതിയിലാണ് ഭീഷണി.

രാഷ്ട്രീയം വളംനല്‍കി സോഷ്യല്‍ മീഡിയയിലും തെരുവുകളിലും വളര്‍ത്തിയെടുത്ത ഈ ആള്‍ക്കൂട്ടം ഒരു നാള്‍ നമ്മുടെ സമൂഹത്തിന്, പ്രത്യേകിച്ച സ്ത്രീകള്‍ക്ക്, വലിയൊരു പ്രശ്‌നമായി മാറാന്‍ പോകുകയാണ്. ഇവരുടെ ഇഷ്ട ആക്ഷേപ വാക്യങ്ങളെല്ലാം സ്ത്രീവിരുദ്ധമാണ്. ഇവര്‍ അങ്ങേയറ്റം വര്‍ഗീയവാദികളുമാണ്. 2022ഓടെ എല്ലാ വര്‍ഗീയതയും തുടച്ചു നീക്കാനുള്ള താങ്കളുടെ ആഗ്രഹത്തോടുപോലും ഇവര്‍ക്ക് സഹിഷ്ണുതയില്ല.

എനിക്ക് താങ്കളോട് ഒരു ചോദ്യമുണ്ട്. താങ്കള്‍ ശരിക്കും നീരജ് ദവെ, നിഖില്‍ ദാഡിച് എന്നിവരെ ഫോളോ ചെയ്യുന്നുണ്ടോ? എന്തു കൊണ്ട്? ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അവരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നെടുത്ത സ്‌ക്രീന്‍ ഷോട്ടുകള്‍ എന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരുന്നു. നീരജ് ദവെ രാജ്‌കോട്ട് സ്വദേശിയും ഒരു കയറ്റുമതി കമ്പനിയുടെ എം ഡിയാണെന്നും ഓള്‍ട്ട് ന്യൂസിലെ പ്രതീക് സിന്‍ഹയും നീലേഷ് പുരോഹിതും നടത്തിയ അന്വേഷണം പറയുന്നു. താങ്കല്‍ നീരജിനെ ഫോളോ ചെയ്യുന്നുണ്ട്. മോശം ഭാഷയില്‍ സംസാരിക്കരുതെന്ന് ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഞാന്‍ ജീവിച്ചിരിക്കുന്നതില്‍ അയാള്‍ ഖേദിക്കുന്നുവെന്നായിരുന്നു.

ഇതേ ഗ്രൂപ്പിലെ മറ്റൊരു അംഗമായ നിഖില്‍ ദാഡിച്ചിനെ കുറിച്ച് കുറെ എഴുതിയതാണ്. ഗൗരി ലങ്കേഷിന്റെ മരണ ശേഷം നിഖില്‍ എഴുതിയതിനോടൊന്നും താങ്കള്‍ക്ക് യോജിപ്പില്ലായിരിക്കാം എങ്കിലും അത് താങ്കള്‍ അംഗീകരിക്കില്ലെന്ന് എനിക്കുറപ്പാണ്. പക്ഷേ അദ്ദേഹത്തെ ഇപ്പോഴും താങ്കള്‍ ഫോളോ ചെയ്യുന്നുവെന്നാണ് എനിക്കറിയുന്ന വിവരം. ഈയിടെ ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യ എന്റെ ഒരു പ്രസംഗത്തിന്റെ വീഡിയോ വളച്ചൊടിച്ചു കാണിച്ചിരുന്നു. തെറ്റിദ്ധാരണ പരത്തുകയായിരുന്നു ലക്ഷ്യം. യഥാര്‍ത്ഥ വസ്തുത ഓള്‍ട്ട്‌ന്യൂസ് പുറത്തു കൊണ്ടു വന്നിട്ടു പോലും ഇപ്പേഴും ഖേദം പ്രകടിപ്പിക്കാന്‍ അമിത് മാളവ്യ തയാറായിട്ടില്ല. 

സര്‍, ഈ നിഖില്‍ ദാഡിച്ച് എന്റെ ഫോണിലും പറ്റിപ്പിടിച്ചിരിക്കുന്ന കാര്യം യഥാര്‍ത്ഥത്തില്‍ ഞാനറിഞ്ഞില്ല.  ആക്രമണ ഭീഷണി മുഴക്കി എന്നേയും ചേര്‍ത്ത തീവ്ര വര്‍ഗീയത നിറഞ്ഞ ആ വാട്‌സ്ാപ്പ് ഗ്രൂപ്പില്‍ ഇയാളും ഒരംഗമാണ്. ഈ വിഷമയ ഗ്രൂപ്പിലെ അംഗങ്ങള്‍ക്കും താങ്കള്‍ക്കുമിടയില്‍ ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടായിരിക്കുമെന്ന് ഞാന്‍ ഭാവനയില്‍ പോലും കണ്ടിട്ടില്ല. എന്നാല്‍ താങ്കളുടെ മന്ത്രമാര്‍ക്കൊപ്പം ഇദ്ദേഹം നില്‍ക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍് പുറത്ത് വന്നിരിക്കുന്നത്. 

ഇതു മാത്രമല്ല, ഓം ധര്‍മോ രക്ഷതി രക്ഷിത എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചില അഡ്മിന്‍മാരുടെ പേര് ആര്‍എസ്എസ്-1, ആര്‍ എസ് എസ്-2 എന്നൊക്കെയാണ്. ഒരാള്‍ ആകാശ് സോണി. പ്രതിരാധമന്ത്രി നിര്‍മല സീതാരാമന്‍, ആരോഗ്യ മന്ത്രി ജെ പി നദ്ദ, ഡല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി എന്നിവര്‍ക്കൊപ്പം ഇയാള്‍ നില്‍ക്കുന്ന ഫോട്ടോയുണ്ട്. ആര്‍ക്കും ആരുടെ കൂടെ നിന്നും ഫോട്ടോ എടുക്കാം. എന്നാല്‍ ഇയാള്‍ വര്‍ഗീതയ ആളിക്കത്തിക്കുന്ന, ഭീഷണികള്‍ മുഴക്കുന്ന ഒരു ഗ്രൂപ്പ് നടത്തുന്നു. ഇത് ആശങ്കപ്പെടുത്തുന്നതായി താങ്കളുടെ സംഘം പരിഗണിക്കുന്നില്ലെ? 

ആകാശ് സോണി ഒരു ആര്‍എസ്എസുകാരനാണോ? എന്നോടൊപ്പം അഭിസര്‍ ശര്‍മ, രാജ്ദീപ് സര്‍ദേശായി, ബര്‍ക്ക ദത്ത് എന്നിവരുടെ ഫോണ്‍ നമ്പറുകളും ഇയാള്‍ പുറത്തുവിട്ടിരിക്കുന്നുവെന്നാണ് ഓള്‍ട്ട് ന്യൂസ് റിപ്പോര്‍്ട്ട് പറയുന്നത്. 

താങ്കളുടെ സംഘടനാ നേതാക്കള്‍ എന്റെ നമ്പര്‍ പര്യപ്പെടുത്തിയിരിക്കുന്നു. ഇതുവഴി നിരന്തരം ഭീഷണികള്‍ നേരത്തേയും കേട്ടുകൊണ്ടിരിന്നു. എനിക്ക് ഭീതിയുണ്ടായിരുന്നെങ്കിലും അന്ന് താങ്കള്‍ക്ക് എഴുതിയില്ല. ഈ ഗ്രൂപ്പിലെ അംഗങ്ങള്‍ ചേര്‍ന്നന് എന്നെ കൊലപ്പെടുത്തുമോ? എന്റെ ജീവന്‍ അപകടത്തിലാണോ? എന്ന് അന്വേഷിക്കാന്‍ ബന്ധപ്പെട്ടവരോട് താങ്കള്‍ ആവശ്യപ്പെടുമോ എന്നറിയാനാണ് ഇപ്പോള്‍ ഞാനിതെഴുതുന്നത്. 

ഞാനൊരു സാധാരണ പൗരനാണ്. അപ്രധാനി. എന്നാല്‍ ഞാന്‍ കരുതലും സമര്‍പ്പണവുമുള്ള ഒരു മാധ്യമപ്രവര്‍ത്തകനുമാണ്. അവര്‍ പറയുന്നത് താമസിയാതെ ഞാന്‍ സ്വന്തം നിലയില്‍ ജോലി തേടി തെരുവില്‍ അലയേണ്ടി വരുമെന്നാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എന്റെ ജോലി നഷ്ടപ്പെടാന്‍ പോകുന്നുവെന്ന മട്ടില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ആഘോഷങ്ങള്‍ പോലുമുണ്ടായി. പലരും പറഞ്ഞത് സര്‍ക്കാര്‍ എന്നെ നോട്ടമിട്ടിരിക്കുന്നുവെന്നാണ്. ഈയിടെ ദി വയറില്‍ ഞാന്‍ വായിച്ചത് ഹിന്ദുസ്ഥാന്‍ ടൈംസ് എഡിറ്റര്‍ ബോബി ഘോഷിന്റെ ജോലി പോയത് താങ്കളുടെ അദ്ദേഹത്തോടുള്ള അനിഷ്ടം കാരണമെന്നാണ്. അടുത്ത ഊഴം എന്റേതാണെന്ന് അവര്‍ പറയുന്നു. ഈ റിപ്പോര്‍ട്ടുകളെല്ലാം ഞാന്‍ ചിരിച്ചു തള്ളുകയാണെങ്കിലും എനിക്കും ആശങ്കയുണ്ട്. കരുത്തനായ ഇന്ത്യന്‍ പ്രധാനമന്ത്രി ഒരു മാധ്യമപ്രവര്‍ത്തകന്റെ ജോലി തെറിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നതായി ചിന്തിക്കാന്‍ ഞാനിഷ്ടപ്പെടുന്നില്ല. എന്നാല്‍ ആളുകളെല്ലാം പറയുന്നത് എന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടുവെന്നാണ്. അങ്ങനെയാണോ സര്‍?

അങ്ങനെയാണെങ്കില്‍ അതെനിക്ക് സവിശേഷമായ ഓരു കാര്യമാണ്. പക്ഷെ അങ്ങനെ സംഭവിക്കാന്‍ താങ്കള്‍ അനുവദിക്കരുത്. എന്റെ കാര്യത്തില്ല. ഇന്ത്യയുടെ മഹത്തായ ജനാധിപത്യ പാരമ്പര്യത്തിന്റെ കാര്യത്തില്‍. അങ്ങനെ സംഭവിച്ചാല്‍ ഈ വലിയ ജനാധിപത്യ രാജ്യത്ത് ഭിന്നസ്വരങ്ങള്‍ക്ക് ഇടമില്ലെന്ന് ചിന്തിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകും. ഒരു മാധ്യമപ്രവര്‍ത്തകന്റെ ജോലി തീരുമാനിക്കേണ്ടത് പ്രധാനമന്ത്രിയുടേയൊ ധനകാര്യ മന്ത്രിയുടേയോ തലത്തില്‍ ആകേണ്ടതുണ്ടോ? ആ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ എനിക്ക് ലഭിക്കുന്ന ഭീഷണികള്‍ ഇതു ശരിവയ്ക്കുന്ന തരത്തിലാണെന്ന് ഞാന്‍ ഊഹിക്കുന്നു. താങ്കള്‍ അവരെ ഫോളോ ചെയ്യുന്നില്ലായിരുന്നുവെങ്കില്‍ ഈ കത്ത് ഞാന്‍ എഴുതുമായിരുന്നില്ല.

ഒരു അലുമിനിയം ട്രങ്കുപെട്ടിയുമായാണ് ഞാന്‍ ഡല്‍ഹിയിലെത്തിയത്. കഴിഞ്ഞ 27 വര്‍ഷത്തിനിടെ ദൈവം എനിക്ക് ഒരുപാട് നല്‍കി. എങ്കിലും ആ ട്രങ്കുപെട്ടി ഇപ്പോഴും എന്റെ പക്കലുണ്ട്. ആ പെട്ടിയുമെടുത്ത് മോട്ടിഹാരിയിലേക്കു തന്നെ ഞാന്‍ തിരിച്ചു പോകും. പക്ഷെ എനിക്കും ഒരു കുടുംബത്തെ പോറ്റാനുണ്ട്. നയിച്ചു ജീവിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണ്?  വലിയ താരങ്ങള്‍ പോലൂം 70-ാം വയസ്സിലും 75-ലും പരസ്യങ്ങളില്‍ അഭിനയിച്ച് പണമുണ്ടാക്കുന്നു. കുടുംബത്തെ പോറ്റാന്‍ അവര്‍ ജോലി ചെയ്യുമ്പോ എത്രയോ താഴെ കിടക്കുന്ന എന്നെ പോലുള്ളവര്‍ക്കും കുടുംബത്തിന്റെ കാര്യത്തില്‍ ആശങ്കയുണ്ടാവില്ലെ? ഉറപ്പായും എന്റെ കുട്ടികള്‍ തെരുവില്‍ അലയുന്നത് കാണാന്‍ താങ്കള്‍ ആഗ്രഹിക്കുന്നില്ല. അതോ ഉണ്ടോ? അത്രത്തോളം എന്നോട് വെറുപ്പുണ്ടോ? എന്റെ കുട്ടികള്‍ താങ്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ഞാന്‍ തെരുവിനെ ഇഷ്ടപ്പെടുകയും ചെയ്യും. എങ്കില്‍ പോലും ഞാന്‍ ചോദ്യങ്ങല്‍ ചോദിച്ചു കൊണ്ടിരിക്കും. ഇതാണ് ചമ്പാരന്‍ സന്ദര്‍ശിച്ചപ്പോള്‍ ബാപുവും പറഞ്ഞത്. 'എത്ര അപരിചിതമായ സ്ഥലത്തും ധാര്‍മ്മിക ബോധത്തിന്റെ കരുത്തില്‍ ആര്‍ക്കും നിവര്‍ന്ന് നില്‍ക്കാന്‍ കഴിയും.' ആ മണ്ണിന്റെ ഒരു ചെറിയൊരു ഭാഗമാണ് ഞാനും. 

ആരേയും പേടിപ്പിക്കാന്‍ ഞാന്‍ സത്യം പറയില്ല. ബാപ്പു എപ്പോഴും പറഞ്ഞിരുന്നത് ധാര്‍ഷ്ട്യത്തോടൊപ്പമുള്ള സത്യം സത്യമേ അല്ലെന്നാണ്. എന്നെ തന്നെ കൂടുതല്‍ വിനയാന്വിതനാക്കാനും പഠിക്കാനും എന്റെ വൈരുധ്യങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്യാനുമാണ് ഞാന്‍ സംസാരിക്കുന്നത്.

സത്യത്തെ കുറിച്ച് എനിക്കു പറയാനോ എഴുതാനോ കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ സത്യവുമായി പൊരുതും. ഞാന്‍ നിരീക്ഷിക്കുന്നത് തുറന്നു പറയാനുള്ള ശ്രമത്തിന്റെ ഭാഗമായി ഞാന്‍ സംസാരിക്കുമ്പോഴും എന്റെ പല പോരായ്മകളില്‍ നിന്നും പുറത്തു കടക്കാന്‍ ശ്രമിക്കുമ്പോഴും ആളുകള്‍ എന്നോട് ചോദിക്കുന്നത് സര്‍ക്കാരിനെ ഭയമില്ലെ എന്നാണ്. എന്റെ പോരായ്മകളെ കുറിച്ചാണ് എനിക്കു ഭയം. എന്റെ പോരായ്മകളെ തോല്‍പ്പിക്കാനാണ് ഞാന്‍ സംസാരിക്കുന്നതും എഴുതുന്നതും. പലപ്പോഴും ഞാന്‍ പരാജയപ്പെടുന്നു. അപ്പോഴെല്ലാം അടുത്ത തവണ ജയിക്കുമെന്ന് സ്വയം പറഞ്ഞ് എന്നെ തന്നെ വിശ്വസിപ്പിക്കുന്നു. അധികാരികളുടെ മുഖത്തു നോക്കി സത്യം പറയുക എന്നത് നമ്മുടെ ഭരണഘടന നമുക്ക് നല്‍കിയ ധൈര്യത്തിന്റെ പ്രകടനമാണ്. ഈ ഭരണഘടനയുടെ രക്ഷിതാവാണ് താങ്കള്‍. 

ഞാനിത് പരസ്യമായി പോസ്റ്റ് ചെയ്യുകയും ഒരു കോപി താങ്കള്‍ക്ക് മെയിലായി അയക്കുകയും ചെയ്യുന്നു. നിഖില്‍ ദാഡിച്ച്, നീരജ് ദവെ, ആകാശ് സോണി എന്നിവരെ താങ്കള്‍ക്ക് അറിയുമെങ്കില്‍, എന്നെ കൊലപ്പെടുത്താന്‍ വല്ല പദ്ധതിയുമുണ്ടോ എന്ന് അവരോട് ചോദിക്കുക. ഓള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ടിന്റെ ലിങ്കും ഞാന്‍ ഇതോടൊപ്പം ചേര്‍ക്കുന്നു. ഈ എഴുത്തില്‍ എവിടെങ്കിലും താങ്കളോട് ബഹുമാനക്കുറവുണ്ടായി എന്ന് തോന്നിയെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. 

താങ്കളുടെ അഭ്യുദയകാംക്ഷി,

രവിഷ് കുമാര്‍

മാധ്യമപ്രവര്‍ത്തകന്‍

എന്‍ ഡി ടി വി ഇന്ത്യ

(എന്‍ഡിടിവി ഇന്ത്യയില്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് എഡിറ്ററാണ് രവിഷ് കുമാര്‍)

 

Latest News