കാഠ്മണ്ഡു-ഇന്ത്യയുടെ മേഖലകള്‍ തങ്ങളുടേതായി അടയാളപ്പെടുത്തിയ പുതിയ ഭൂപടം ഭരണഘടനയുടെ ഭാഗമാക്കാനുള്ള ബില്ല് പാസാക്കിയതിന് പിന്നാലെ കാലാപാനിക്ക് സമീപം പട്ടാള ക്യാമ്പ് സ്ഥാപിക്കാനൊരുങ്ങി നേപ്പാള്‍. ഉത്തരാഖണ്ഡിലെ ലിപുലേഖ്, കാലാപാനി, ലിംപയധുര എന്നീ പ്രദേശങ്ങളാണ് ഭൂപടത്തില്‍ നേപ്പാള്‍ തങ്ങളുടേതായി അടയാളപ്പെടുത്തിയത്. കാലാപാനി അതിര്‍ത്തി പ്രദേശത്ത് നേപ്പാള്‍ പട്ടാള മേധാവി പൂര്‍ണ ചന്ദ്ര ഥാപ്പ ബുധനാഴ്ച സന്ദര്‍ശനം നടത്തിയിരുന്നു. അതിര്‍ത്തിക്കടുത്ത് ഒരു സൈനിക ക്യാമ്പ് സ്ഥാപിക്കാന്‍ പോകുന്നുവെന്ന് നേപ്പാള്‍ വിദേശകാര്യ വകുപ്പ് ഡെപ്യൂപ്പി മേധാവി ദി പ്രിന്റിനോട് പറഞ്ഞു. 'ഇപ്പോള്‍ ഇവിടേക്ക് നേരിട്ട് റോഡില്ല. അതിനാല്‍ റോഡ് നിര്‍മിക്കാനുള്ള ചുമതല സൈന്യത്തിന് നല്‍കുന്നു. കലാപാനിക്കടുത്തുള്ള ചാങ്രുവില്‍ ഞങ്ങള്‍ സായുധ പൊലീസ് സേനയുടെ അതിര്‍ത്തി പോസ്റ്റ് സ്ഥാപിച്ചു.' അദ്ദേഹം പറഞ്ഞു.
പുതിയ രാഷ്ട്രീയ ഭൂപടം ഭരണഘടനയുടെ ഭാഗമാക്കാനുള്ള ബില്ലിന് നേപ്പാള്‍ പാര്‍ലമെന്റിന്റെ ഉപരിസഭ ഏകകണ്ഠമായാണ് അംഗീകാരം നല്‍കിയത്. 57 വോട്ടുകള്‍ അനുകൂലമായി ലഭിച്ചപ്പോള്‍ ഒറ്റ വോട്ടും എതിരായി വന്നില്ല. അധോസഭയില്‍ 258 എം.പിമാരും ബില്ലിനെ അനുകൂലിച്ച് വോട്ടുചെയ്തിരുന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബില്‍ പാസായതോടെ ഇനി പ്രസിഡന്റിന്റെ അംഗീകാരം മാത്രമേ ലഭിക്കേണ്ടതുള്ളൂ. അതേസമയം, നേപ്പാളിലെ ചൈനീസ് അംബാസിഡര്‍ ഹു യാങ് കിയാണ് നീക്കത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ വൃത്തങ്ങള്‍ പറഞ്ഞു.