റിയാദ് - കോവിഡ് തീർത്ത ലോക്ഡൗണും മൂന്നു മാസം നീണ്ട കർഫ്യൂ ജീവിതവും അവസാനിപ്പിച്ച് മൂന്നര കോടിയോളം വരുന്ന സൗദി ജനത നാളെ മുതൽ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുപോകുന്നു. ദിനേനെയെന്നോണം ആയിരക്കണക്കിന് പേർക്ക് പുതുതായി കൊറോണബാധ സ്ഥിരീകരിക്കുകയും നിരവധി കൊറോണ രോഗികൾ മരണപ്പെടുകയും ചെയ്യുന്നതിനിടെയാണ് കരുതലോടെ സൗദി അറേബ്യ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുപോകുന്നത്. മക്ക ഒഴികെയുള്ള നഗരങ്ങളാണ് ഇന്നു മുതൽ സാധാരണ നിലയിലാകുന്നത്. മക്കയിൽ നാളെ മുതൽ രണ്ടാം ഘട്ട കർഫ്യൂ ഇളവുകൾ നിലവിൽ വരികയും മസ്ജിദുകളിൽ ജുമുഅ, ജമാഅത്ത് നമസ്‌കാരങ്ങൾ പുനരാരംഭിക്കുകയും ചെയ്യും.
തൽസമയം വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
കർഫ്യൂ പൂർണമായും അവസാനിക്കുമെങ്കിലും കൊറോണ വ്യാപനം തടയുന്ന കർശനമായ മുൻകരുതൽ, പ്രതിരോധ നടപടികൾ എല്ലാവരും പാലിക്കൽ നിർബന്ധമാണ്. ഇത് ലംഘിക്കുന്നവർക്ക് ഭീമമായ തുക പിഴ അടക്കമുള്ള ശിക്ഷകൾ ലഭിക്കും.
സൗദിയിൽ മാർച്ച് 23 ന് ആണ് ആദ്യമായി കർഫ്യൂ പ്രഖ്യാപിച്ചത്. സൗദി അറേബ്യയുടെ ചരിത്രത്തിലെ ആദ്യ കർഫ്യൂ ആയിരുന്നു ഇത്. തുടക്കത്തിൽ 21 ദിവസം ഭാഗിക കർഫ്യൂ ആണ് പ്രഖ്യാപിച്ചിരുന്നത്. ഇത് പിന്നീട് കൂടുതൽ കർശനമാക്കുകയും അനിശ്ചിത കാലത്തേക്ക് ദീർഘിപ്പിക്കുകയായിരുന്നു. ഇതിനിടെ സാമൂഹിക സമ്പർക്കം പരമാവധി കുറക്കാൻ ശ്രമിച്ച് പെരുന്നാൾ ദിവസങ്ങളിൽ രാജ്യം മുഴുവൻ സമ്പൂർണ കർഫ്യൂവും നടപ്പാക്കി. പള്ളികൾ അടച്ചിട്ടതിനാലും ഉംറയും സിയാറത്തും വിലക്കിയതിനാലും കർഫ്യൂ നടപ്പാക്കിയതിനാലും സൗദി നിവാസികൾക്കും വിശ്വാസികൾക്കും ഇത്തവണത്തെ വിശുദ്ധ റമദാനും പെരുന്നാളുമെല്ലാം ഏറെ വേദനയേറിയതായിരുന്നു.
മെയ് 28 മുതൽ മൂന്നു ഘട്ടമായി കർഫ്യൂ ഇളവ് അനുവദിക്കാനും ഇന്നു മുതൽ കർഫ്യൂ അവസാനിപ്പിക്കാനും മെയ് 26 ന് ആണ് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അനുമതി നൽകിയത്. ഇന്നു മുതൽ രാജ്യം സാധാരണ നിലയിലേക്ക് തിരിച്ചുപോകുമെങ്കിലും അന്താരാഷ്ട്ര വിമാന സർവീസുകൾക്കും ഉംറ, സിയാറത്തിനുമുള്ള വിലക്ക് തുടരും.