Sorry, you need to enable JavaScript to visit this website.

ഭീകരരെ സഹായിച്ച ദവീന്ദര്‍ സിംഗിന് ജാമ്യം; രൂക്ഷ വിമര്‍ശവുമായി ശശി തരൂര്‍

ന്യൂദല്‍ഹി- ഭീകരവാദികളെ സഹായിച്ച കേസില്‍ കശ്മീര്‍ മുന്‍ ഡി.എസ്.പി ദവീന്ദര്‍ സിംഗിന് ജാമ്യം ലഭിക്കാനിടയായതിനെ സര്‍ക്കാരിന്റെ ലജ്ജാകരമായ നടപടിയെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍.
ഇത് എങ്ങനെ സംഭവിച്ചുവെന്ന ചോദ്യത്തിനപ്പുറം ലജ്ജാകരമായ ഈ നടപടിയില്‍നിന്ന് രക്ഷപ്പെടാന്‍ സര്‍ക്കാരിനെ നാം ഇന്ത്യക്കാര്‍ എങ്ങനെ അനുവദിക്കുമെന്നതാണ് ചോദ്യമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
മൂന്ന് മാസമായിട്ടും ദല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് രണ്ട് ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരവാദികളെ സുരക്ഷിത സ്ഥലത്ത് എത്തിക്കുന്നതിനിടെ പിടിയിലായി സസ്‌പെന്‍ഷനിലായ  ജമ്മു കശ്മീര്‍ ഡി.എസ്.പി ദവീന്ദര്‍ സിംഗിന് ദല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഈ വര്‍ഷാദ്യം ശ്രീനഗര്‍-ജമ്മു ഹൈവേയില്‍ വെച്ചാണ് ഇയാള്‍ പിടിയിലായിരുന്നത്. അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ദവീന്ദര്‍ സിംഗിനും  കേസില്‍ അറസ്റ്റിലായ മറ്റൊരു പ്രതി ഇര്‍ഫാന്‍ ശാഫി മീറിനും കോടതി ജാമ്യം അനുവദിച്ചതെന്ന് ഇവരുടെ അഭിഭാഷകന്‍ എം.എസ്. ഖാന്‍ പറഞ്ഞു. ദല്‍ഹി പോലീസിലെ പ്രത്യേക സെല്ലാണ് കേസ് അന്വേഷിക്കുന്നത്. അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ജാമ്യം നല്‍കാമെന്നാണ് വ്യവസ്ഥ.
ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് ആള്‍ ജാമ്യത്തിലുമാണ് പ്രതികളെ വിട്ടയച്ചത്. സ്വതന്ത്ര്യ ദിനത്തില്‍ ധീരതക്കുള്ള രാഷ്ട്രപതിയുടെ മെഡല്‍ നേടിയ ജമ്മു കശ്മീരിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായിരുന്നു ദവീന്ദര്‍ സിംഗ്. പിടികിട്ടാപ്പുള്ളികളായ ഭീകരരായ നവീദ് ബാബു, ആസിഫ് റാത്തര്‍ എന്നിവരോടൊപ്പം ദല്‍ഹിയിലേക്കുള്ള യാത്രാമധ്യേയാണ് ശ്രീനഗര്‍ -ജമ്മു ഹൈവേയില്‍ വെച്ച് പിടിയിലായത്. ഇവരുടെ കാറില്‍ നിന്ന് എ.കെ. 47 റൈഫിള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും പിടിച്ചെടുത്തിരുന്നു.
1990 ല്‍ ഭീകര വിരുദ്ധ സ്‌ക്വാഡില്‍ പ്രവര്‍ത്തിച്ചിരുന്ന ദവീന്ദര്‍ സിംഗ് ശ്രീനഗര്‍ വിമാനത്താവളത്തില്‍ ഹൈജാക്കിംഗ് വിരുദ്ധ സ്‌ക്വാഡിലും അംഗമായിരുന്നു.
കശ്മീരിലെ സുരക്ഷാ ഏജന്‍സികളും ഭീകരരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ തെളിവായാണ് സംഭവം ചൂണ്ടിക്കാണിക്കപ്പെട്ടത്.
പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിക്കൊന്ന ഭീകരന്‍ അഫ്‌സല്‍ ഗുരുവുമായി ദവീന്ദര്‍ സിംഗിന് ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തു വന്നിരുന്നെങ്കിലും അന്വേഷണം നടന്നിരുന്നില്ല. അഫ്‌സല്‍ ഗുരു സ്വന്തം കൈപ്പടയില്‍ എഴുതിയതെന്ന് പറഞ്ഞ് അഭിഭാഷകന്‍ സുശീല്‍ കുമാര്‍ മുമ്പ് പുറത്തുവിട്ട കത്തിലാണ് ദവീന്ദര്‍ സിംഗിനെ പറ്റി പരാമര്‍ശമുണ്ടായിരുന്നത്. 2001 ഡിസംബര്‍ 13 ന് പാര്‍ലമെന്റ് ആക്രമണത്തിനിടെ കൊല്ലപ്പെട്ട ഭീകരന്‍ മുഹമ്മദുമായി തന്നെ പരിചയപ്പെടുത്തിയത് ദവീന്ദര്‍ സിംഗാണെന്നാണ് അഫ്‌സല്‍ ഗുരു എഴുതിയിരുന്നത്. 2000 ല്‍ ജമ്മു കശ്മീരില്‍വെച്ച് ദവീന്ദര്‍ സിംഗും സഹായി ശാന്തിസിംഗും ചേര്‍ന്ന് തന്നെ മര്‍ദിച്ചതായും പണം പിടിച്ചു വാങ്ങിയതായും അഫ്‌സല്‍ ഗുരുവിന്റെ കത്തിലുണ്ട്. 2001 ല്‍ ദവീന്ദര്‍ സിംഗിന്റെ നിര്‍ദേശപ്രകാരം ഒരാളെ ദല്‍ഹിയില്‍ എത്തിക്കുകയും അയാള്‍ക്ക് അവിടെ വീട് തരപ്പെടുത്തുകയും കാറ് വാങ്ങാന്‍ കൂട്ട് പോകുകയും ചെയ്തുവെന്നും ആ കാലയളവില്‍ ദവീന്ദര്‍ സിംഗ് തന്നെയും മുഹമ്മദിനെയും ഫോണില്‍ വിളിച്ചിരുന്നെന്നും അഫ്‌സല്‍ ഗുരുവിന്റെ കത്തിലുണ്ട്. എന്നാല്‍ ഇതേക്കുറിച്ചൊന്നും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചില്ല.

 

Latest News