കാസർകോട്- അടുത്തടുത്ത ദിവസങ്ങളിൽ മലയോരമേഖലയിൽ രണ്ട് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്ത സംഭവം ആശങ്കയുണർത്തുന്നു. പത്താംതരം വിദ്യാർത്ഥിയായ വെസ്റ്റ് എളേരി നാട്ടക്കല്ലിലെ ജിഷ്ണു (15) ആത്മഹത്യ ചെയ്തതിന് പിറകെ ഈസ്റ്റ് എളേരി കമ്പല്ലുർ സ്വദേശി അജയ് ബാബുവിന്റെയും സ്ത്രീ രത്നത്തിന്റെയും മകൻ അജയഘോഷും ജീവനൊടുക്കിയത് മലയോരമേഖലയെ കണ്ണീരിലാഴ്ത്തി. പന്ത്രണ്ടുകാരനായ അജയഘോഷിനെ വീടിനുള്ളിൽ കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടാണ് അജയഘോഷിനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടത്. അജയഘോഷിന്റെ അഛനും അമ്മയും ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. അമ്മ തൊഴിലുറപ്പ് ജോലി കഴിഞ്ഞു വൈകുന്നേരത്തോടെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ കഴുത്തിൽ ഷാൾ കുരുങ്ങിയ നിലയിൽ അജയഘോഷിനെ കാണുകയായിരുന്നു. നിലവിളികേട്ടെത്തിയ പരിസരവാസികൾ കുട്ടിയെ ഉടൻ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു. ചിറ്റാരിക്കാൽ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തുടർന്ന് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്‌കരിച്ചു. അജയഘോഷിന്റെ മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടെന്ന് പോലീസ് പറഞ്ഞു.ഇതിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിന് കുടുംബാംഗങ്ങളുടെയും പരിസരവാസികളുടെയും അജയഘോഷിന്റെ കൂട്ടുകാരുടെയും മൊഴി രേഖപ്പെടുത്തും. ആവണി ഏക സഹോദരിയാണ്. കമ്പല്ലൂർ ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അജയഘോഷ് പഠനത്തിലും മിടുക്കനായിരുന്നു.ജിഷ്ണുവിന്റെ മരണത്തിൽ ആദ്യം ചില സംശയങ്ങൾ ഉയർന്നിരുന്നുവെങ്കിലും ആത്മഹത്യയാണെന്നാണ് പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞത്. ജിഷ്ണുവിന് വന്ന ചില ഫോൺകോളുകൾ കേന്ദ്രീകരിച്ച് വെള്ളരിക്കുണ്ട് പൊലീസ് അന്വേഷണം നടത്തുകയാണെങ്കിലും മരണകാരണം കണ്ടെത്താനായിട്ടില്ല. രണ്ട് കുട്ടികളുടെ ആത്മഹത്യയെ ഗൗരവത്തോടെ കണ്ടുള്ള സമഗ്രമായ അന്വേഷണമാണ് നടക്കുന്നത്.