റിയാദ് - സൗദിയിൽ ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്ത റിയാദിനെ അപേക്ഷിച്ച് മരണ നിരക്ക് കൂടുതൽ ജിദ്ദയിലാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ജിദ്ദയിൽ ഇതുവരെ 419 കൊറോണ രോഗികൾ മരിച്ചു. ആകെ 22,116 പേർക്കാണ് ഇതുവരെ ജിദ്ദയിൽ കൊറോണബാധ സ്ഥിരീകരിച്ചത്. ഇതിൽ 15,732 പേരുടെ അസുഖം ഭേദമായി.
24 മണിക്കൂറിനിടെ ജിദ്ദയിൽ 384 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 12 പേർ മരിച്ചു. 85 പേരുടെ അസുഖം ഭേദമായി. ജിദ്ദയിൽ ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയ്തത് 101 ദിവസം മുമ്പാണ്. ജിദ്ദയിൽ മരണ നിരക്ക് 1.9 ശതമാനവും രോഗശമന നിരക്ക് 71.1 ശതമാനവുമാണ്.
റിയാദിൽ ഇതുവരെ 143 കൊറോണ രോഗികളാണ് മരിച്ചത്. റിയാദിൽ 42,149 പേർക്ക് കൊറോണബാധ സ്ഥിരീകരിച്ചു. ഇക്കൂട്ടത്തിൽ 23,067 പേരുടെ അസുഖം ഭേദമായി. ഇരുപത്തിനാലു മണിക്കൂറിനിടെ റിയാദിൽ 1,091 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 376 പേർ രോഗമുക്തരായി. 12 പേർ മരണപ്പെടുകയും ചെയ്തു. റിയാദിൽ ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയ്തത് 103 ദിവസം മുമ്പാണ്. റിയാദിൽ കൊറോണ ബാധിതരിൽ മരണ നിരക്ക് 0.3 ശതമാനവും രോഗശമന നിരക്ക് 54.7 ശതമാനവുമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.