Sorry, you need to enable JavaScript to visit this website.

കണ്ണൂർ വിമാനത്താവള  വികസനം:  ഭൂമിയേറ്റെടുക്കൽ  വേഗത്തിലാക്കാൻ നിർദേശം

കണ്ണൂർ - വിമാനത്താവള അനുബന്ധ വ്യവസായ സംരംഭങ്ങൾക്കായുളള കിൻഫ്ര പദ്ധതികളുടെ ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം നിർദേശിച്ചു. ഭൂമിയേറ്റെടുക്കൽ നടപടികൾക്കായുള്ള ലാന്റ് അക്വിസിഷൻ സ്‌പെഷ്യൽ തഹസിൽദാർ ഓഫീസ് 25 ന് പ്രവർത്തനം ആരംഭിക്കും. ചാലോട്ടാണ് ഓഫീസ് ആരംഭിക്കുന്നത്. 
പാതിരിയാട്, കീഴല്ലൂർ, പട്ടാനൂർ, പടിയൂർ, പഴശ്ശി, കോളാരി, ചെറുവാഞ്ചേരി, െമാകേരി വില്ലേജുകളിലായാണ് വിവിധ പ്രോജക്ടുകൾക്കായി ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഇവയെല്ലാം വിവിധ ഘട്ടങ്ങളിലാണ്. ഇതിനു പുറമെ മാലൂർ പഞ്ചായത്തിൽ പുതുതായി ഭൂമി കണ്ടെത്താനും യോഗത്തിൽ മന്ത്രി നിർദേശം നൽകി.


നിരവധി നിക്ഷേപകർ വിവിധ പ്രോജക്ടുകൾക്ക് താൽപര്യം പ്രകടിപ്പിച്ച് സർക്കാറിനെ സമീപിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. വിനോദ സഞ്ചാര മേഖല കോവിഡ് കാരണം പ്രതികൂലാവസ്ഥയിലാണ്. എന്നാൽ നാട്ടിലേക്ക് തിരിച്ചുവരുന്ന പ്രവാസികളുടെയടക്കം വൈദഗ്ധ്യം ഉപയോഗപ്പെടുത്തി വ്യവസായ സംരംഭങ്ങൾ ആരംഭിക്കാനാകണം. മടങ്ങിവരുന്ന   ്രപവാസികളെ ഇതിനായി വ്യവസായ വകുപ്പ് പ്രത്യേകം രജിസ്റ്റർ ചെയ്യിക്കുന്നുണ്ട്. ഭൂമി വേഗത്തിൽ ഏറ്റെടുത്തു നൽകുകയെന്നതാണ് ആവശ്യം. പരമാവധി വേഗത്തിൽ ഭൂമി ഏറ്റെടുത്ത് നൽകാൻ കിൻഫ്ര ശ്രദ്ധിക്കണം. വിവിധ പദ്ധതികൾക്കായുള്ള ഭൂമി ഏറ്റെടുക്കുന്നതിന്റെ പുരോഗതി യോഗം അവലോകനം ചെയ്തു. എല്ലാ ആഴ്ചയും നടപടി പുരോഗതി വിലയിരുത്താനും യോഗം തീരുമാനിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ കലക്ടർ ടി വി സുഭാഷ്, അസി. കലക്ടർ ആർ ശ്രീലക്ഷ്മി, റവന്യൂ വകുപ്പ്, കിൻഫ്ര ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Latest News