മുംബൈ- നഗരത്തിലെ എല്‍ഫിന്‍സ്റ്റോണ്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 22 പേര്‍ മരിച്ചു. 40-ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ നാലു സ്ത്രീകളും ഉള്‍പ്പെടും. മുനിസിപ്പര്‍ കോര്‍പറേഷന്‍ ദുരന്ത നിവാരണ സംഘവും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എല്‍ഫിന്‍സ്റ്റോണ്‍ റോഡിനെ സമീപത്തെ പറേല്‍ റെയില്‍വെ സ്റ്റേഷനുമായി ബന്ധിപ്പിക്കു മേല്‍പ്പാലത്തിലാണ് ജനത്തിരക്കുണ്ടായത്. കനത്ത മഴയെ തുടര്‍ന്ന് ആളുകള്‍ നനയാതിരിക്കാന്‍ വേണ്ടി മേല്‍പ്പാലത്തിലേക്ക് കൂട്ടത്തോടെ കയറിയതായിരുന്നു. മഴ അവസാനിച്ച ശേഷം മേല്‍പ്പാലത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെയാണ് തിക്കും തിരക്കുമുണ്ടായത്.
രാവിലെ ഒമ്പതരോടെയാണ് അപകടമുണ്ടായത്. ഓഫീസുകളിലേക്ക് പോകുന്ന ജീവനക്കാരും മറ്റു യാത്രക്കാരും സ്റ്റേഷനില്‍ തിങ്ങിനിറയുന്ന സമയമാണിത്. മുംബൈ സബര്‍ബന്‍ റെയില്‍ ശൃംഖലയുടെ വെസ്റ്റേണ്‍ ലൈനില്‍ വരുന്ന സ്റ്റേഷനാണ് എല്‍ഫിന്‍സ്റ്റണ്‍. സെന്‍ട്രല്‍ ലൈനിലെ പറേല്‍ സ്റ്റേഷനുമായ് ബന്ധിപ്പിക്കുന്ന തിരക്കേറിയ സ്റ്റേഷനും കൂടിയാണിത്.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ അടിയന്തിര സഹായമായി അഞ്ചു ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ചികത്സാ ചെലവുകളും സര്‍ക്കാര്‍ വഹിക്കുമെന്ന് മഹാരാഷ്ട്രാ മന്ത്രി വിനോദ് താവ്‌ഡെ പറഞ്ഞു. കേന്ദ്ര റെയില്‍വെ മന്ത്രി പിയൂഷ് ഗോയലും ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി.