ന്യൂദൽഹി- സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പേരിൽ മോഡിയെയും കേന്ദ്ര ധനമന്ത്രിയെയും രൂക്ഷമായി വിമർശിച്ച ബി.ജെ.പി നേതാവും മുൻ ധനമന്ത്രിയുമായ യശ്വന്ത് സിൻഹയെ പിന്തുണച്ച് ബി.ജെ.പി എം.പിയും നടനുമായ ശത്രുഘ്‌നൻ സിൻഹ വീണ്ടും രംഗത്തെത്തി. ഇത്തവണ മോഡിയെ കണക്കറ്റ് പരിഹസിച്ചാണ് ശത്രുഘ്‌നൻ സിൻഹ എത്തിയത്. ഇപ്പോഴാണ് യഥാർത്ഥ പത്ര സമ്മേളനം നടത്തേണ്ട സമയമെന്നും രാജ്യത്തോടും പത്രങ്ങളോടും അവരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകേണ്ട സമയമാണിതെന്നും ശത്രുഘ്‌നൻ സിൻഹ ട്വീറ്റ് ചെയ്തു. ഗുജറാത്തിൽ ഈ വർഷം അവസാനത്തോടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ ഇതാണ് മോഡി ജനങ്ങളെ അഭിമുഖീകരിക്കേണ്ട യഥാർത്ഥ സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ രാജ്യത്തിന്റെ ധനകാര്യസ്ഥിതി മോശം അവസ്ഥയിലാണെന്നും നോട്ടുനിരോധനവും ജി.എസ്.ടി നടപ്പാക്കിയതിലെ അപാകതയുമാണ് ഇതിന് ഇടയാക്കിയതെന്നുമുള്ള യശ്വന്ത് സിൻഹയുടെ ആരോപണത്തെ ശക്തമായി ശത്രുഘ്‌നൻ സിൻഹ പിന്തുണച്ചിരുന്നു. ബി.ജെ.പിയിലെ നിരവധി നേതാക്കളുടെ ചോദ്യമാണ് യശ്വന്ത് സിൻഹ ചോദിച്ചതെന്നും ശത്രുഘ്‌നൻ സിൻഹ പറഞ്ഞു. ഇന്നലെ യശ്വന്ത് സിൻഹക്ക് അനുകൂലമായി ലേഖനമെഴുതിയ ശത്രുഘ്‌നൻ സിൻഹ ഇന്ന് ട്വീറ്റിലൂടെയാണ് പിന്തുണയുമായി എത്തിയത്.
അതിനിടെ, എൺപതാമത്തെ വയസിലെ തൊഴിലന്വേഷണമാണ് യശ്വന്ത് സിൻഹ നടത്തുന്നതെന്ന മറുപടിയുമായാണ് ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലി ഈ വിവാദത്തെ നിസാരമാക്കിയത്.