വാരണാസി- വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ മാനഭംഗ ശ്രമമുണ്ടായതിനെ ചൊല്ലി കലുഷിതമായ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ (ബി എച്ച് യു) പെണ്‍കുട്ടികളുടെ വസ്ത്രധാരണ രീതികള്‍ക്കും മദ്യ ഉപയോഗത്തിനും യാതൊരുവിധ നിയന്ത്രണങ്ങളുമില്ലെന്ന് പുതുതായി ചുമതലേറ്റ യൂണിവേഴ്‌സിറ്റി ചീഫ് പ്രോക്ടര്‍ പ്രൊഫസര്‍ റൊയോന സിങ്. മെസ്സുകളില്‍ നോണ്‍ വെജ് ഭക്ഷണങ്ങള്‍ക്കും വിലക്കുകളില്ലെന്നും അവര്‍ വ്യക്തമാക്കി. സര്‍വകലാശാലയുടെ 101 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമായാണ് ചീഫ് പ്രോക്ടറായി ഒരു വനിത എത്തുന്നത്. വിദ്യാര്‍ത്ഥി പ്രക്ഷോഭം കലുഷിതമായതിനെ തുടര്‍ന്ന് ചീഫ് പ്രോക്ടര്‍ രാജിവച്ച ഒഴിവിലേക്കാണ് ഇവരെ സര്‍വകലാശാല നിയമിച്ചത്.
'ഞാന്‍ യൂറോപ്പില്‍ ജനിച്ചയാളാണ്. യൂറോപ്പിലേക്കും കാനഡയിലേക്കും ഇടക്കിടെ യാത്ര ചെയ്യുന്നയാളുമാണ്. പെണ്‍കുട്ടികളുടെ വസ്ത്രധാരണ രീതി നിയന്ത്രിക്കുക എന്നത് അത് എന്റെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന പോലെയാണ് ഞാന്‍ കാണുന്നത്. സൗകര്യപ്രദമെന്ന് തോന്നുന്ന വസ്ത്രം ഒരാള്‍ക്ക് ധിരിക്കാന്‍ അനുവാദമില്ലെങ്കില്‍ അത് ഇക്കാലത്ത് വലിയ നാണക്കേടാണ്. താന്‍ ധരിച്ച വസ്ത്രത്തില്‍ ഒരു പെണ്‍കുട്ടിക്ക് യാതൊരു കുഴപ്പവുമില്ലെങ്കില്‍ പിന്നെ എന്തിനാണ് എതിര്‍ക്കുന്നത്?' അവര്‍ വ്യക്തമാക്കി.
സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ശരീരഘടനാശാസ്ത്ര വിഭാഗം പ്രൊഫസറാണ് റൊയോന സിങ്. ഫ്രഞ്ച് നഗരമായ റോയനില്‍ ജനിച്ച ഇവര്‍ ഒമ്പു വയസ്സുവരെ വളര്‍ന്നതും അവിടെയാണ്.
കഴിഞ്ഞ കാലത്തും യുണിവേഴ്‌സിറ്റി ഇത്തരം നിയന്ത്രണങ്ങളൊന്നും വിദ്യാര്‍ത്ഥിനികളില്‍ അടിച്ചേല്‍പ്പിച്ചിട്ടില്ല. അതുപോലെ തുടരുമെന്നും അവര്‍ പറഞ്ഞു. 'മദ്യാപനത്തെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ഇവിടുത്തെ വിദ്യാര്‍ത്ഥിനികളെല്ലാം 18 വയസ്സിനു മുകളിലുള്ളവരാണ്. ഇത്തരമൊരു ചിന്ത എന്തിനു നാം അവര്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കണം?' അവര്‍ ചോദിച്ചു. ഹോസ്റ്റലുകളില്‍ ഭൂരിപക്ഷം പേരും വെജിറ്റേറിയന്‍ ഭക്ഷണരീതി ഇഷ്ടപ്പെടുന്നവരാണ്. മറ്റുള്ളവര്‍ക്ക് നോണ്‍ വെജ് ഭക്ഷണം വിളമ്പുന്ന ദിവസങ്ങളുമുണ്ടെന്നാണ് തന്റെ അറിവെന്നും അവര്‍ പറഞ്ഞു.
മാനഭംഗത്തിനിരയായ പെണ്‍കുട്ടിയോട് വൈകുന്നേരം ആറു മണിക്ക് പുറത്തിറങ്ങാന്‍ പാടില്ലായിരുന്നുവെന്ന് ഉപദേശിച്ച വാര്‍ഡന്റേയും സുരക്ഷാ ജീവനക്കാരന്റേയും പ്രതികരണത്തില്‍ ഖേദമുണ്ടെന്നും പ്രോക്ടര്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് ക്യാമ്പസില്‍ എവിടേക്കും എപ്പോഴും പോകാമെന്നും ഇത്തരം വിഷയങ്ങള്‍ പരാതിപരിഹാര സെല്‍ അധ്യക്ഷ എന്ന നിലയില്‍ നേരത്തെ കൈകാര്യം ചെയ്തിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.