ശ്രീനഗര്‍- കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ കൂടി വധിച്ചു. ഇതോടെ കഴിഞ്ഞ ദിവസം ആരംഭിച്ച സൈനിക നീക്കത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം മൂന്നായതായി പോലീസ് പറഞ്ഞു.
തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ പാംപോറിലെ മീജിലാണ് വ്യാഴാഴ്ച രാവിലെ സൈനിക നടപടി ആരംഭിച്ചത്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പ്രദേശം വളഞ്ഞ് തിരച്ചല്‍ ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു.
സൈന്യത്തിനെതിരെ ഭീകരര്‍ നിറയൊഴിച്ചതോടെയാണ് ഏറ്റമുട്ടലായി മാറിയതും സൈന്യം പ്രത്യാക്രമണം നടത്തിയതും.
ഒരു ഭീകരന്‍ വ്യാഴാഴ്ച കൊല്ലപ്പെട്ടെങ്കിലും രണ്ട് ഭീകരര്‍ സമീപത്തെ പള്ളിയില്‍ കയറി ഒളിച്ചുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാത്രി മുഴുവന്‍ പള്ളി വളഞ്ഞ് കാത്തിരുന്ന സൈന്യം വെള്ളിയാഴ്ച രാവിലെ കണ്ണീര്‍ വാതകം പ്രയോഗിച്ച് പുറത്താക്കിയ ശേഷം പള്ളിയുടെ പാവനത സംരക്ഷിച്ചുകൊണ്ടാണ് വെടിവെച്ച് കൊലപ്പെടുത്തിയതെന്നും കശ്മീര്‍ ഐ.ജി വിജയ് കുമാര്‍ പറഞ്ഞു. ഭീകരരെ പള്ളിയില്‍നിന്ന് പുറത്തെത്തിക്കാന്‍ വെടിവെപ്പ് നടത്തിയിട്ടില്ലെന്നും സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, ഷോപിയാനിലെ മുനന്ദ് ബന്ത്പാവ പ്രദേശത്ത് വ്യാഴാഴ്ച ആരംഭിച്ച ഏറ്റുമുട്ടല്‍ വെള്ളിയാഴ്ചയും തുടര്‍ന്നു. വ്യാഴാഴ്ച ഇവിടെ ഒരു ഭീകരന്‍ കൊല്ലപ്പെട്ടിരുന്നു.