ഭോപ്പാല്‍- ബിജെപി ഭരിക്കുന്ന ഗുജറാത്തിലും മധ്യപ്രദേശിലും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തു വന്നിരിക്കുന്നു. പുതിയ ഉന്മേഷത്തില്‍ കോണ്‍ഗ്രസ് ബിജെപിയെ നേരിടാനൊരുങ്ങുന്നു. ഇതിനിടെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഏവരെയും അമ്പരിപ്പിച്ചു കൊണ്ട് മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങ് ആത്മീയ യാത്രയ്ക്ക് ഒരുങ്ങുന്നത്. 70-കാരനായ സിങ് 3,300 കിലോമീറ്റര്‍ നടന്നാണ് നര്‍മദ പ്രദക്ഷിണമെന്ന ഹൈന്ദവ വിശ്വാസത്തിലെ സുപ്രധാനമായ ആത്മീയ യാത്രയ്ക്ക് ഒരുങ്ങുന്നത്. ശനിയാഴ്ച തുടങ്ങുന്ന തീര്‍ത്ഥയാത്ര പൂര്‍ത്തിയാക്കാന്‍ ആറുമാസമെടുക്കും. ഏവരും ഉറ്റുനോക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് കാലം ബിജെപിയോടും ആര്‍എസ്എസിനോടും നേര്‍ക്കുനേര്‍ നിന്ന് പോരടിക്കുന്ന ദിഗ്‌വിജയ് സിങിന്റെ അഭാവം നന്നായി നിഴലിക്കുമെന്നുറപ്പ്.
തന്റെ ഗുരു ദ്വാരക ശാരദാ പീഠം ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതിയുടെ അനുഗ്രഹാശിസ്സുകളോടെയാണ് ബര്‍മന്‍ ഘട്ടില്‍ നിന്നും ദിഗ് വിജയ സിങ് യാത്രയാരംഭിക്കുന്നത്. ഇത് തീര്‍ത്തും ആത്മീയവും മതപരവുമായ യാത്രയാണെന്നും ഇതില്‍ യാതൊരു രാഷ്ട്രീയവും കാണേണ്ടതില്ലെന്നും സിങിന്റെ മകനും രഘോഗഡ് എംഎല്‍എയുമായ ജയ്‌വര്‍ധന്‍ സിങ് പറയുന്നു. ദിവസവും 20 കിലോമീറ്റര്‍ ദൂരം നടക്കും. സമയം ലഭിക്കുമ്പോഴെല്ലാം താനും അച്ഛന്റെ കൂടെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ സിങിന് എല്ലാവിധ സുരക്ഷയും ഒരുക്കുന്നുണ്ട്. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്തെ 110 നിയോജക മണ്ഡലങ്ങളിലൂടെയും മാസങ്ങള്‍ക്കകം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിലെ 20 മണ്ഡലങ്ങളിലൂടേയും സിങിന്റെ നര്‍മദ പ്രദക്ഷിണം കടന്നു പോകും. റഘോഗഡ് രാജകുടുംബാംഗമായ സിങിന് റഘോഗഡ് കോട്ടയില്‍ നടക്കുന്ന ഈ വര്‍ഷത്തെ ദസറ ആഘോഷങ്ങള്‍ ആദ്യമായി നഷ്ടമാകും. മൂന്നു നൂറ്റാണ്ടുകളായി സിങിന്റെ കുടുംബം ദസറ വിപുലമായി ആഘോഷിച്ചു വരുന്നു.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എന്ന നിലയിലുള്ള എല്ലാ പാര്‍്ട്ടി ചുമതലകളില്‍ നിന്നും തന്നെ ഒഴിവാക്കിത്തരണമെന്ന് നേരത്തെ ഹൈക്കമാന്‍ഡിനോട് അപേക്ഷിക്കുകയും അത് സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതു സിങിന്റെ രാഷ്ട്രീയ അപ്രത്യക്ഷമാകലാണോ അതോ വലിയൊരു തിരിച്ചുവരവിനുള്ള ഒരുക്കമാണോ എന്ന ചര്‍ച്ചകളാണ് കോണ്‍ഗ്രസിനുള്ളിലും പുറത്തും ഇപ്പോള്‍ സജീവ ചര്‍ച്ച. പാര്‍ട്ടി ചുമതലകളില്‍ ഈയിടെയായി സിങിന് അധികം തിളങ്ങാന്‍ കഴിയാതെ പോയിരുന്നു. ഇതില്‍ നിന്നും മുഖം രക്ഷിക്കാനാണോ എന്ന് ഒരു വിഭാഗം സംശയിക്കുന്നു.
എന്നാല്‍ ബിജെപിക്ക് വലിയൊരു തിരിച്ചടിനല്‍കാനുള്ള സിങിന്റെ നീക്കമാണെന്ന് കരുതുന്ന ഗുഢാലോചനാ സിദ്ധാന്തക്കാരും ഉണ്ട്. ഗുജറാത്തിലും മധ്യപ്രദേശിലും ബിജെപി സര്‍ക്കാരുകള്‍ക്ക് ഇത് നല്ലകാലമല്ല. എന്നാല്‍ ഇതു മുതലെടുക്കാന്‍ കോണ്‍ഗ്രസിനു കഴിയുന്നമില്ല. ഇതിനു പുറമെ നര്‍മദ നദിയിലെ വെള്ളപ്പൊക്കം കൂടിയാകുമ്പോള്‍ ജനങ്ങള്‍ ഏറെ ദുരിതത്തിലാകും. ഈ അവസരത്തില്‍ വലിയ കൊട്ടും കുരവയൊന്നുമില്ലാതെ ഒരു വന്‍ ജനസമ്പര്‍ക്ക പരിപാടിയായി തന്റെ നര്‍മദാ പ്രദക്ഷിണ യാത്രയെ മാറ്റാന്‍ സിങിനു കഴിയുമെന്നാണ് ഇവരുടെ വാദം.
ഹൈന്ദവ വിശ്വാസങ്ങളെ കൂട്ടുപിടിക്കുന്ന ബിജെപി തന്ത്രങ്ങള്‍ക്കും സിങിന്റെ യാത്ര മറുപടിയാകുമെന്ന് കരുതുന്നവരുമുണ്ട്. സിങ് തുടങ്ങാനിരിക്കുന്ന നര്‍മദ പരികര്‍മ എന്ന നര്‍മദ പ്രദക്ഷിണം ഹൈന്ദവ വിശ്വാസത്തിലെ ഏറ്റവും പ്രയാസമേറിയ തീര്‍ത്ഥാടനങ്ങളിലൊന്നാണ്. വര്‍ഗീയവാദിയാകാതെ തന്നെ വിദഗ്ദമായി ഹിന്ദു കാര്‍ഡ് കളിക്കാന്‍ ഇതുവഴി സിങിനു കഴിയും. ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം വളരെ മതപരമായി പ്രധാന്യമുള്ള നദിയാണ് നര്‍മദ.
സിങിനെ സംബന്ധിച്ചിടത്തോളം ഈ ആറുമാസത്തെ തീര്‍ത്ഥ യാത്ര ഒരു പന്തയക്കളിയാണ്. ഒന്നുകില്‍ ഇത് അദ്ദേഹത്തെ എന്നെന്നേക്കുമായി മധ്യപ്രദേശിലേയും ഡല്‍ഹിയിലേയും രാഷ്ട്രീയത്തില്‍ അപ്രസക്തനാക്കും. അല്ലെങ്കില്‍ ഹിന്ദി ഭൂമിയില്‍ ഗാന്ധിമാര്‍ക്കു ശേഷം ഏറ്റവും ജനപ്രിയനായ കോണ്‍ഗ്രസ് നേതാവാക്കി മാറ്റും.