ജിദ്ദ- സൗദിയടക്കമുള്ള രാജ്യങ്ങളിലെ പ്രവാസികൾക്ക് നാട്ടിലേക്ക് പോകണമെങ്കിൽ കോവിഡ് പരിശോധനയുടെ ഭാഗമായി ട്രൂനാറ്റ് കിറ്റ് ലഭ്യമാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിലും അവ്യക്തത. നിലവിൽ സൗദിയിൽ ഇത്തരം പരിശോധനക്ക് ആരോഗ്യമന്ത്രാലയത്തിന്റെ അനുമതിയില്ല. റാപ്പിഡ് ടെസ്റ്റും സൗദി ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. കേരളം കിറ്റ് എത്തിച്ചാലും സൗദിയിലെ ആളുകളിൽ അത് പരീക്ഷിക്കാൻ സർക്കാർ അനുമതി നൽകുമോ എന്ന കാര്യത്തിലും അവ്യക്തതയുണ്ട്. കേന്ദ്ര സർക്കാറിന്റെ ഇടപെടലുണ്ടായാൽ പോലും ഇക്കാര്യത്തിൽ ഉടൻ തീരുമാനം വരാനുള്ള സാധ്യതയും കുറവാണെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
തൽസമയം വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
ട്രൂനാറ്റ് ടെസ്റ്റ് നിലവിൽ സൗദിയിൽ നടക്കുന്നില്ല. പരിശോധന ഫലത്തിലെ കൃത്യത കുറവാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിമാന കമ്പനികൾ ടെസ്റ്റ് നടത്തുന്നതിലെ അപ്രായോഗികതയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഈ മാസം 20 മുതൽ കേരളത്തിലേക്കുള്ള ചാർട്ടേഡ് വിമാനങ്ങളിൽ ടിക്കറ്റ് അനുവദിക്കണമെങ്കിൽ കോവിഡ് സർട്ടിഫിക്കറ്റ് വേണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. ഇതേ തുടർന്ന് ഈ നിബന്ധന പാലിക്കണമെന്ന് എംബസിയും ആവശ്യപ്പെട്ടിരുന്നു. ഇതോടെ ചാർട്ടേഡ് വിമാനങ്ങളുടെ യാത്രയും അനിശ്ചിതത്വത്തിലായി. അതേസമയം, ഈ മാസം 20 എന്ന തിയതി മാറ്റുകയും പകരം സംവിധാനം ഏർപ്പെടുത്തുന്നത് വരെ നിലവിലുള്ള അവസ്ഥ തുടരണമെന്ന ആവശ്യവും ഉയരുന്നുണ്ട്.