ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ ഡ്യൂട്ടിയിലുള്ള കൊച്ചിയിലെ പോലിസുകാരന് കോവിഡ്

കൊച്ചി- കളമശേരിയില്‍ പോലിസ് ഉദ്യോഗസ്ഥന് കോവിഡ് ബാധ സ്ഥിരീകരിച്ചു. ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ ഡ്യൂട്ടിയുണ്ടായിരുന്ന പെരുമ്പാവൂര്‍ സ്വദേശിയായ  പോലിസുകാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുമ്പാണ് പനി അടക്കമുള്ള ലക്ഷണങ്ങളുണ്ടായത്. ഇതേതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്നാണ് വിവരം.

രോഗബാധ സ്ഥിരീകരിച്ച മറ്റ് ഉദ്യോഗസ്ഥരുമായി സമ്പര്‍ക്കത്തിലും ഇദ്ദേഹമുണ്ടായിരുന്നു.വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുകയും നിരീക്ഷണത്തില്‍ കഴിയുന്നത് ഉറപ്പുവരുത്തുകയും ചെയ്തിരുന്നതും ഈ ഉദ്യോഗസ്ഥനായിരുന്നു.

സര്‍ക്കാരിന്റെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും സ്‌റ്റേഷന്‍ ഡ്യൂട്ടിയിലും ഉണ്ടായിരുന്നതിനാല്‍ അധികൃതര്‍ ആശങ്കയിലാണ്. പോലിസുകാരനുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ള പത്തോളം പേരെ ഉടന്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
 

Latest News