റിയാദ്- സൗദി ഗവൺമെന്റ് പുറത്തിറക്കിയ തവക്കൽനാ ആപ് ഖത്തറിലെ ഇഹ്തിറാസ് ആപിന് സമാനം. ഇരു ആപുകളിലും കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയാൽ മാത്രമേ ഗ്രീൻ സ്റ്റാറ്റസ് ലഭ്യമാവുകയുള്ളൂ. ഇതോടെ ഖത്തറിലെ പ്രവാസികൾക്ക് നൽകിയ ആനുകൂല്യം സൗദിയിലെ പ്രവാസികൾക്കും നൽകണമെന്ന ആവശ്യം ശക്തമായി. ഖത്തറിലെ ഇഹ്തിറാസ് ആപിൽ ഗ്രീൻ സ്റ്റാറ്റസ് ആയവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജറാക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നത്. എന്നാൽ സൗദിയിലെ തവക്കൽനാ ആപും കോവിഡില്ലാത്തവർക്ക് ഗ്രീൻ സ്റ്റാറ്റസാണ് നൽകുന്നത്. കർഫ്യൂ സമയത്ത് സൂപർമാർക്കറ്റുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ പോകാനും ജോഗിംഗ് നടത്താനും അനുമതി ലഭ്യമാക്കുന്നതോടൊപ്പം വ്യക്തികളുടെ കോവിഡ് സ്റ്റാറ്റസ് കൂടി തവക്കൽനാ ആപ് പറഞ്ഞു തരുന്നുണ്ട്. ഒരാൾ കോവിഡ് പോസിറ്റീവ് ആയത് മുതൽ ആപിന്റെ ഡിസ്പ്ലേ ഗ്രേ കളറിൽ ഇൻഫക്ടഡ് എന്ന് കാണിക്കും. 14 ദിവസം കഴിയുന്നതോടെ കർഫ്യൂ സമയത്ത് ചുവന്നതും അല്ലാത്ത സമയങ്ങളിൽ പച്ചയുമാകും. സൗദിയിൽ നിലവിൽ കോവിഡിന് രണ്ടാം ടെസ്റ്റില്ല. ഖത്തറിലും ഇതേ അവസ്ഥയാണ്. ഗ്രേ കളർ വന്നാൽ പുറത്തിറങ്ങുന്നതിനുള്ള അനുമതി ആപ് വഴി ലഭ്യമാകില്ല.