തിരുവനന്തപുരം- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഈ വർഷം നടത്തുന്ന പൊതു തെരഞ്ഞെടുപ്പിനുളള അന്തിമ വോർട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകളിലെയും 86 മുനിസിപ്പാലിറ്റികളിലെയും ആറ് മുനിസിപ്പൽ കോർപറേഷനുകളിലെയും വോട്ടർ പട്ടികയാണ് അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ ഇന്നലെ അന്തിമമാക്കി പ്രസിദ്ധീകരിച്ചതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു.
അന്തിമ വോട്ടർ പട്ടികയിൽ ആകെ 2,62,24,501 വോട്ടർമാരാണ് ഉൾപ്പെട്ടിട്ടുള്ളത്. 1,25,40,302 പുരുഷൻമാർ, 1,36,84,019 സ്ത്രീകൾ, 180 ട്രാൻസ്‌ജെന്റർമാർ എന്നിങ്ങനെയാണ് അന്തിമ പട്ടികയിലെ വോട്ടർമാർ.
പുതിയതായി 6,78,147 പുരുഷന്മാർ, 8,01,328 സ്ത്രീകൾ 66 ട്രാൻസ്‌ജെന്റമാർ എന്നിങ്ങനെ 14,79,541 വോട്ടർമാരെ കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. മരണപ്പെട്ടവർ, സ്ഥിരതാമസമില്ലാത്തവർ തുടങ്ങിയ 4,34,317 വോട്ടർമാരെ കരട് പട്ടികയിൽ നിന്നും ഒഴിവാക്കി.
വോട്ടർ പട്ടിക പുതുക്കുന്നതിന് വേണ്ടി തദ്ദേശ സ്ഥാപനങ്ങളിലെ നിലവിലുണ്ടായിരുന്ന പട്ടിക കരടായി ജനുവരി 20 ന് പ്രസിദ്ധീകരിച്ചിരുന്നു. കരട് പട്ടികയിൽ ആകെ 2,51,58,230 വോട്ടർമാരുണ്ടായിരുന്നു. മാർച്ച് 16 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചാണ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. 941 ഗ്രാമപഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ, 86 മുനിസിപ്പാലിറ്റികൾ 6 മുനിസിപ്പൽ കോർപറേഷനുകൾ എന്നിവിടങ്ങളിലാണ് ഈ വർഷം പൊതുതെരഞ്ഞെടുപ്പ് നടത്തേണ്ടത്.
പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് പേര് ചേർക്കുന്നതിന് തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ രണ്ട് അവസരങ്ങൾ കൂടി നൽകും. മലപ്പുറം ജില്ലയിലെ എടയൂർ, എടപ്പാൾ എന്നീ ഗ്രാമ പഞ്ചായത്തുകൾ കോവിഡ് പ്രോട്ടോകോൾ മൂലം അടച്ചിട്ടിരിക്കുന്നതിനാൽ അവ തുറക്കുന്ന മുറയ്ക്ക് വോട്ടർപട്ടിക പരിധോധനക്ക് ലഭ്യമാക്കുന്നതാണ്.
കൂറുമാറ്റ നിരോധന നിയമ പ്രകാരം മലപ്പുറം ജില്ലയിലെ അമരമ്പലം ഗ്രാമപഞ്ചായത്ത് അംഗം ടി.പി.ഹംസയെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അയോഗ്യനാക്കി. നിലവിൽ ഗ്രാമപഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും 2020 ജൂൺ 16 മുതൽ ആറ് വർഷത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. അമരമ്പലം ഗ്രാമ പഞ്ചായത്തിലേക്ക് 2015 നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 25.09.2018 ൽ നടന്ന പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ പങ്കെടുക്കുകയും അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്തു. എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കുന്നതിനാണ് കോൺഗ്രസ് പാർട്ടി പഞ്ചായത്ത് അംഗത്തിന് വിപ്പ് നൽകിയിരുന്നത്.
എന്നാൽ പഞ്ചായത്ത് അംഗം വോട്ട് ചെയ്തതു മൂലം കോൺഗ്രസ് പാർട്ടിക്കാരിയായ പഞ്ചായത്ത് പ്രസിഡന്റിന് എതിരെയുള്ള അവിശ്വാസ പ്രമേയം പാസാകുകയും അവർക്ക് സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു. തുടർന്ന് 22.10.2018 ൽ നടന്ന അമരമ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി നൽകിയ വിപ്പ് ലംഘിച്ച് പഞ്ചായത്ത് അംഗം വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കുകയും തന്മൂലം എൽ.ഡി.എഫ് നിർദേശിച്ചയാൾ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടുകയുമുണ്ടായി. പഞ്ചായത്ത് അംഗത്തിന്റെ ഈ രണ്ടു നടപടികളും കൂറുമാറ്റമായി കണ്ടാണ് കമ്മീഷന്റെ ഈ ഉത്തരവ്. കോൺഗ്രസിന്റെ പഞ്ചായത്ത് അംഗം കെ. സുരേഷ് കുമാർ ആയിരുന്നു ഹരജിക്കാരൻ.