Sorry, you need to enable JavaScript to visit this website.

കോവിഡ് പരിശോധന: പരീക്ഷക്ക് പോകാനിരുന്ന വിദ്യാര്‍ഥികള്‍ പ്രതിസന്ധിയില്‍

കുവൈത്ത് സിറ്റി-  നീറ്റ്, കിം തുടങ്ങിയ പ്രവേശന പരീക്ഷ എഴുതാന്‍ വിദ്യാര്‍ഥികളെ അയക്കാനായി നിശ്ചയിച്ച ചാര്‍ട്ടേഡ് വിമാനത്തിന്റെ കാര്യം കേരള സര്‍ക്കാരിന്റെ പുതിയ തീരുമാനംമൂലം പ്രതിസന്ധിയിലായി.
പ്രവാസികളായ യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടിയിലൂടെ പരീക്ഷ എഴുതാനുള്ള കുട്ടികളുടെ യാത്രയും മുടങ്ങുമോ എന്ന ആശങ്കയിലാണ് രക്ഷിതാക്കള്‍.

വിദ്യാര്‍ഥികള്‍ക്ക് നീറ്റ്, കീം മുതലായ പ്രവേശന പരീക്ഷകളില്‍ പങ്കെടുക്കാന്‍ കഴിയാത്ത അവസ്ഥ മുന്നില്‍ കണ്ട് ചില രക്ഷിതാക്കളുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ചാര്‍ട്ടര്‍ വിമാനം ഒരുക്കുന്നത്. കുവൈത്തില്‍നിന്ന് തുടര്‍വിദ്യാഭ്യാസത്തിനും ഉപരിപഠന സംബന്ധമായ പ്രവേശന പരീക്ഷകള്‍ക്കും നാട്ടിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായിട്ടാണ് ചാര്‍ട്ടേഡ് വിമാനം എന്ന ലക്ഷ്യത്തിനായി രക്ഷിതാക്കള്‍ ഒത്തുചേര്‍ന്നത്.

കണ്ണന്‍, ജോര്‍ജി മത്തായി, ജയപ്രകാശ്, രാജേഷ് സാഗര്‍, സഗീര്‍ ഇബ്രാഹിം എന്നീ രക്ഷിതാക്കളാണ് നേതൃത്വം നല്‍കുന്നത്. കുവൈത്തിലെ 12 ഇന്ത്യന്‍ സ്‌കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികളും ഈ ഗ്രൂപ്പിലുണ്ട്.

ക്വാറന്റൈന്‍ സൗകര്യങ്ങള്‍ വേണ്ടവര്‍ക്ക് കൊച്ചിയില്‍ മികച്ച സേവനങ്ങളോടെ മുന്‍നിര ഹോട്ടല്‍മുറികള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ പരീക്ഷാകേന്ദ്രം ലഭിക്കാന്‍ സാധ്യതയില്ലെന്ന് മനസ്സിലാക്കിയതിലൂടെ മുന്നോട്ടുള്ള ഏകമാര്‍ഗം ചാര്‍ട്ടേഡ് വിമാനമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് കാര്യങ്ങള്‍ ദ്രുതഗതിയില്‍ നീക്കിയത്. അതാണിപ്പോള്‍ തടസ്സപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ തീരുമാനം മാറ്റുമെന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കള്‍.

 

Latest News