Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ കോവിഡ് രോഗബാധിതരും മരണവും ഇനിയും ഉയരുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം- കേരളത്തില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. മരണ നിരക്ക് കുറയ്ക്കാന്‍ പരമാവധി പേരില്‍ പരിശോധന നടത്തി, മാറ്റി പാര്‍പ്പിച്ച് ചികില്‍സ ഉറപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ഉറവിടമറിയാത്ത രോഗബാധിതരുടെ എണ്ണം കൂടുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നുണ്ട്. തിരുവനന്തപുരം പോത്തന്‍കോട്ട് മരിച്ച അബ്ദുള്‍അസീസ് , വൈദികന്‍ കെ ജി വര്‍ഗീസ് , കൊല്ലത്ത് മരിച്ച സേവ്യര്‍ ഇവരുടെത് ഉറവിടമറിയാത്ത രോഗ വ്യാപനമാണ്. മാത്രമല്ല, ഹൃദയം വൃക്ക സംബന്ധമായ രോഗങ്ങളുണ്ടായിരുന്ന കോവിഡ് രോഗികളുടെ മരണങ്ങളും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
ഒരു മാസം മുന്‍പ് വരെ ഒരേസമയം ചികില്‍സയിലുള്ളവരുടെ ശരാശരി എണ്ണം 266 ആയിരുന്നെങ്കില്‍ ഇപ്പോള്‍ നാലിരട്ടിയാണ് വര്‍ധന. രോഗികളുടെ എണ്ണം ഉയരുന്നതിനൊപ്പം മരണ നിരക്കും കൂടും. രോഗ ബാധിതരായ ശേഷം നാട്ടിലെത്തുന്ന പ്രവാസികളടക്കം പലര്‍ക്കും രോഗം കണ്ടെത്തുന്നത് വൈകിയ വേളയിലായതിനാല്‍ രോഗാവസ്ഥ തീവ്രമായിട്ടുണ്ടാകും.
മറ്റ് രോഗങ്ങള്‍ കൂടി ഉള്ളവരാകുമ്പോള്‍ ചികിത്സ ഫലം കാണാതെ പോകും. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ രീതി നടപ്പാക്കി തുടങ്ങിയത്. രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ വരാത്തവര്‍ക്കും യാത്രകള്‍ ചെയ്യാത്തവര്‍ക്കും രോഗം പിടിപെടുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും സെന്റിനല്‍ ഓഗ്മെന്റഡ് സര്‍വലൈന്‍സിന്റെ ഭാഗമായുള്ള പരിശോധനകളും റാപ്പിഡ് ആന്റി ബോഡി പരിശോധനകളും വഴി ഇത്തരക്കാരെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.പ്രതിദിനം കിട്ടുന്ന ഫലങ്ങളില്‍ 100 ല്‍ 30 എണ്ണം സമ്പര്‍ക്കത്തിലൂടെയെന്ന് കണ്ടെത്തിയാല്‍ അത് ഗൗരവതരമാണ്. അതിനാല്‍ കുറഞ്ഞ സമയത്തിനുളളില്‍ വിവിധ വിഭാഗങ്ങളിലെ പരമാവധിപേരെ പരിശോധനകള്‍ക്ക് വിധേയരാക്കാനാണ് സര്‍ക്കാരിന്റെ നീക്കം.

 

 

 


 

Latest News