ഛണ്ഡീഗഢ്- ഉദ്യോഗസ്ഥനെ ചെരിപ്പൂരി അടിച്ച സംഭവത്തില്‍ ഹരിയാനയിലെ ബിജെപി നേതാവ് അറസ്റ്റില്‍. ഹിസാര്‍ ജില്ലയില്‍ നിന്നുള്ള നേതാവായ സോനാലി ഫോഗട്ടിനെയാണ് ഉദ്യോഗസ്ഥന്റെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ആദ്യമാണ് ജില്ല അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റ് കമ്മിറ്റി സെക്രട്ടറിയായ സുല്‍ത്താന്‍ സിങിനെ സോനാലി ചെരിപ്പൂരി അടിച്ചത്. തനിക്കെതിരെ അശ്ലീല പരാമര്‍ശം ഉന്നയിച്ചതിനെതുടര്‍ന്നാണ് മര്‍ദ്ദിച്ചത് എന്നായിരുന്നു സോനാലിയുടെ വിശദീകരണം.
ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സോനാലി ആദ്യം കൈകൊണ്ട് അടിക്കുകയും പിന്നീട് ചെരിപ്പൂരി മുഖത്തടിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
തുടര്‍ന്ന് സുല്‍ത്താന്‍ സിങ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. താന്‍ അശ്ലീലം പറഞ്ഞിട്ടില്ലെന്നും തെറ്റിദ്ധാരണയുടെ പുറത്താണ് സോനാലി ഫോഗട്ട് തന്നെ മര്‍ദിച്ചതെന്ന് സുല്‍ത്താന്‍ സിങ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് സോനാലി ഫോഗട്ടിനെ ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. തനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയെന്ന സോനാലിയുടെ പരാതിയില്‍ സുല്‍ത്താന്‍ സിങിനെതിരേയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഹിസാറിലെ ആദംപുരില്‍ നിന്നു 2009ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട ബിജെപി നേതാവാണ് സോനാലി ഫോഗട്ട്. ടിക്ടോക് താരം കൂടിയായ സോനാലി നേരത്തേ സഹോദരിക്കും ഭര്‍ത്താവിനുമെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.