ന്യൂദല്‍ഹി- കൊറോണ വൈറസ് രാജ്യത്ത് തടസ്സമില്ലാതെ ഉയരുന്നതിനാല്‍ അന്താരാഷ്ട്ര വിമാന യാത്രകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. രാജ്യത്ത് നിരവധി സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നിലവില്‍ തുറന്നതിനാല്‍ സമീപഭാവിയില്‍ തന്നെ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. രാജ്യാന്തര യാത്രയ്ക്കുള്ള നിയന്ത്രണം നീക്കുന്നതിനുള്ള തീരുമാനങ്ങള്‍ 'വരും മാസത്തില്‍' എടുക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. അടുത്ത മാസം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നത് ഉറപ്പാണെന്ന് പുരി വ്യക്തമാക്കി. എന്നാല്‍ കൃത്യമായി എന്ന് മുതല്‍ ആരംഭിക്കുമെന്ന് പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും എല്ലാവരും ആത്മവിശ്വാസത്തോടെ ഇരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മെയ് 25 മുതല്‍ ഓരോ വിമാനത്താവളത്തിലെയും വിമാനങ്ങളുടെ എണ്ണത്തില്‍ നിയന്ത്രണങ്ങളോടെ ആഭ്യന്തര വിമാന യാത്രയ്ക്ക് അനുമതിയുണ്ടായിരുന്നു.