ന്യൂദൽഹി- ചൈനയുമായുള്ള ഏറ്റുമുട്ടലിൽ ഇന്ത്യയുടെ ഇരുപത് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒരു കേണലടക്കം 20 പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. അതേസമയം, 43 ചൈനീസ് സൈനികർ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. 1975ന് ശേഷം ഇതാദ്യമായാണ് ഇന്ത്യക്കും ചൈനക്കുമിടയിൽ ആളപായമുണ്ടാകുന്ന ഏറ്റുമുട്ടൽ നടക്കുന്നത്. ലഡാക് അതിർത്തിയിലെ സ്റ്റാറ്റസ്‌കോ ലംഘിച്ചുള്ള ചൈനയുടെ കടന്നുകയറ്റമാണ് സംഘർഷത്തിലേക്ക് നയിച്ചത്.
സംഭവത്തെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീഡിയോ കോൺഫറൻസിംഗ് വഴി വിശദീകരണം നൽകി. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്തുമായും മുന്നു സേനാ മേധാവികളുമായും കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച നടത്തി. വിദേശകാര്യ മന്ത്രിയും പ്രതിരോധ മന്ത്രിയും പിന്നീട് പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി.
കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിലാണ് സംഘർഷമുണ്ടായത്. ഇരു പക്ഷത്തെയും സൈനീകർ തമ്മിൽ വെടിവെപ്പുണ്ടായിട്ടില്ല. എന്നാൽ, കല്ലും വടികളും കൊണ്ട് നടത്തിയ ആക്രമണത്തിലാണ് ഇരുപക്ഷത്തും ആൾനാശമുണ്ടായത്. തോക്കിന്റെ പാത്തി കൊണ്ടുള്ള അടിയേറ്റാണ് കമാൻഡിംഗ് ഓഫീസറായ കേണൽ അടകക്കമുള്ള സൈനികർ കൊല്ലപ്പെട്ടത്. 16-ബിഹാർ റെജിമെന്റിൽ നിന്നുള്ള കമാൻഡിംഗ് ഓഫീസറാണ് കൊല്ലപ്പെട്ട കേണൽ. തിങ്കളാഴ്ച രാത്രിയായിരുന്നു സൈനികർ തമ്മിൽ ഏറ്റുമുട്ടിയത്. ഇരു രാജ്യങ്ങളുടെയും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തു ക്യാമ്പ് ചെയ്ത് ചർച്ച നടത്തുന്നുണ്ടെന്നും കരസേന അറിയിച്ചു.
സംഭവത്തെ തുടർന്ന് കരസേന മേധാവി മനോജ് മുകുന്ദ് നരവനെ പത്താൻകോട്ട് സൈനിക താവളത്തിൽ നടത്താനിരുന്ന സന്ദർശനം റദ്ദാക്കി. രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ ജവാൻമാർക്ക് രാഹുൽ ഗന്ധി ആദരാഞ്ജലി അർപ്പിച്ചു. ചൈനീസ് നീക്കത്തിന് അനുയോജ്യമായ തിരിച്ചടി നൽകണമെന്ന് കോൺഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു. ഇന്തോ-ചൈന അതിർത്തിയിൽ യഥാർഥത്തിൽ ഒരു റോഡ് നിർമാണത്തിനപ്പുറം എന്ത് വിഷയമാണുള്ളതെന്ന് പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് മുൻ പ്രതിരോധ മന്ത്രി എ.കെ ആന്റണി ആവശ്യപ്പെട്ടു. മുൻ പ്രതിരോധ മന്ത്രി എന്ന നിലിയൽ കൂടുതൽ കാര്യങ്ങൾ പറയാൻ പരിമിതികൾ ഉണ്ടെന്നും ആന്റണി വ്യക്തമാക്കി.
അതിർത്തി തർക്കത്തിന്മേൽ സൈനിക തലത്തിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ആണ് ചെനയുടെ ഭാഗത്ത് നിന്ന് പെട്ടുന്നള്ള പ്രകോപനം സംഭവിച്ചത്. ഇന്ത്യ-ചൈന സംഘർഷത്തിൽ 1975ൽ നാല് സൈനികർ കൊല്ലപ്പെട്ടതിന് ശേഷം സൈനികരുടെ മരണം ഇതാദ്യമായാണ്. ചൈനയുമായുള്ള അതിർത്തിത്തർക്കം പരിഹരിക്കുന്നതിന് ബ്രിഗേഡിയർ, കേണൽ തലത്തിൽ തിങ്കളാഴ്ചയും ചർച്ച നടന്നെങ്കിലും പിൻമാറ്റം സംബന്ധിച്ച് ധാരണയായിരുന്നില്ല. യഥാർഥ നിയന്ത്രണരേഖയോട് ചേർന്നുള്ള ഗൽവാനിലെ പട്രോൾ പോയിന്റ് 14 (പിപി 14), ഹോട് സ്പ്രിംഗ്സിലെ പിപി 15,17, പാംഗോംഗ്് തടാകത്തോട് ചേർന്നുള്ള നാലാം മലനിര (ഫിംഗർ 4) എന്നിവിടങ്ങളിലാണ് സംഘർഷം നിലനിൽക്കുന്നത്. ഇരുപക്ഷവും ഗൽവാൻ വാലിയിൽ നിന്ന് പിൻമാറുമെന്ന് കഴിഞ്ഞ ദിവസം കരസേനാമേധാവി മനോജ് മുകുന്ദ് നരവനെ വ്യക്തമാക്കിയിരുന്നു.