കൊച്ചി- കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക് ഡൗണില്‍ ഗോവ സര്‍വകലാശാലയില്‍ കുടുങ്ങിയ 11 മലയാളി വിദ്യാര്‍ഥികള്‍ കൂടി നാട്ടിലേക്ക് തിരിച്ചു.
സ്വകാര്യ സുരക്ഷാ സ്ഥാപനമായ തണ്ടര്‍ ഫോഴ്‌സ് കമ്പനി ഏര്‍പ്പെടുത്തിയ വാഹനത്തിലാണ് വിവിധ ജില്ലകളിലേക്കുള്ള വിദ്യാര്‍ഥികള്‍ യാത്ര തിരിച്ചത്. വ്യത്യസ്ത ജില്ലക്കാരായതിനാല്‍ ഇവര്‍ക്കുള്ള യാത്രാ പാസ് ശരിയാക്കാന്‍ ഏറെ പ്രയാസപ്പെട്ടുവെന്ന് ജീവകാരുണ്യ രംഗത്ത് സഹായങ്ങള്‍ നല്‍കിവരുന്ന തണ്ടര്‍ ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു.
ലോക്ഡൗണ്‍ ആരംഭിച്ചതുമുതല്‍ ഗോവയില്‍ കുടുങ്ങിപ്പോയവര്‍ക്ക് ഭക്ഷ്യവസ്തുക്കളും മറ്റും എത്തിച്ചിരുന്ന തണ്ടര്‍ഫോഴ്‌സ് 200 ലേറെ മലയാളികള്‍ക്ക് ഇതിനകം യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലയാളി ആയ റിട്ട. കേണ്‍ അനില്‍ കുമാര്‍ ബി നായറിന്റെ നേതൃത്വത്തിലുള്ള സ്ഥാപനം കേരളത്തില്‍ പ്രളയകാലത്തും സഹായവുമായി രംഗത്തുണ്ടായിരുന്നു.