ന്യൂദല്‍ഹി- ഗാന്ധിജിയുടെ അനുയായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ഹര്‍ഷ് മന്ദിറിനെ ദല്‍ഹി കലാപക്കേസില്‍ പ്രതിയാക്കിയ പോലിസിന്റെ നടപടിക്ക് എതിരെ എഴുത്തുകാരും സാമൂഹ്യപ്രവര്‍ത്തകരും അടങ്ങുന്ന പ്രമുഖര്‍ . ദല്‍ഹി കേസിന്റെ ചാര്‍ജ്ഷീറ്റില്‍ ഹര്‍ഷ് മന്ദിറിന്റെ പേര് പരാമര്‍ശിച്ചിരിക്കുന്നത് അപലപനീയവും അന്വേഷണം അട്ടിമറിക്കാനുള്ള നടപടികളുടെ ഭാഗവുമാണെന്ന് സാമൂഹ്യ,സാംസ്‌കാരിക,സാഹിത്യ പ്രവര്‍ത്തകരും പ്രമുഖരായ മുന്‍കാല സിവില്‍ ഓഫീസര്‍മാരും ഒപ്പിട്ട സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
വിദ്വേഷത്തിനും ഭിന്നിപ്പിനും ഐക്യത്തിനും എതിരായ നടപടിയാണിത്.പൗരന്മാരുടെ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള നടപടികളുടെ ഭാഗമായാണ് മന്ദിറിനെതിരെ വ്യാജ കേസ് ചുമത്തിയിരിക്കുന്നത്. റിട്ട.അഡ്മിറല്‍ എല്‍ രാമദാസ്,റിട്ട.എയര്‍വൈസ് മാര്‍ഷല്‍ വിഷ്ണു ഭഗവത്,കപില്‍ കാക്,അഡ്വ.ആനന്ദ് ഗ്രോവര്‍,കലാകാരനായ ഗുലംമുഹമ്മദ് ഷെയ്ഖ്,വിവിന്‍ സുന്ദരം,മല്ലിക സാരാഭായ്,എഴുത്തുകാരന്‍ നയന്‍താര സെഹ്ഗാള്‍,നടി നന്ദിത ദാസ്,നസിറുദ്ധീന്‍ഷാ,ശബാന ഹഷ്മി, ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്,റോമില ഥാപ്പര്‍,രാമചന്ദ്ര ഗുഹ,ദളിത് എഴുത്തുകാരന്‍ മാര്‍ട്ടിന്‍ മക്‌വന്‍,മേദാപട്കര്‍ തുടങ്ങിയ ധാരാളം പേരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചിരിക്കുന്നത്.
ഹര്‍ഷ് മന്ദിറിന്റെ പ്രസംഗം അക്രമത്തിന് പ്രേരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ പോലിസ് നടപടി തീര്‍ത്തും നിന്ദ്യമായ പ്രവൃത്തിയാണെന്നും പ്രസ്താവന പറയുന്നു. അംഹിസയുടെ പാതയിലൂടെ സഞ്ചരിക്കുന്ന ഗാന്ധി അനുയായിയായ അദ്ദേഹത്തെ കേസില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം മനപൂര്‍വ്വവും ചിലരുടെ പ്രേരണ മൂലവുമാണെന്നും പ്രസ്താവന പറയുന്നു.