റാഞ്ചി- ജാര്‍ഖണ്ഡ് സര്‍ക്കാര്‍ കോവിഡ് നിയന്ത്രണത്തിനായി വീടുകള്‍ തോറും കയറിയിറങ്ങി കോവിഡ് തിരിച്ചറിയല്‍ സര്‍വേ നടത്തുന്നു. ജൂണ്‍ 18 മുതലാണ് സര്‍വേ തുടങ്ങുകയെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി നിതിന്‍ കുല്‍ക്കര്‍ണി അറിയിച്ചു. കോവിഡ് രോഗികളില്‍ ചിലര്‍ ശ്വാസകോശ രോഗങ്ങളും രക്താതി സമ്മര്‍ദ്ദവും ക്ഷയരോഗവും കാന്‍സറുമൊക്കെ ഉള്ളവരുണ്ടാകാം. ഇവര്‍ക്ക് കോവിഡ് തിരിച്ചറിയാനുള്ള പരിശോധനകളില്‍ മുന്‍ഗണന നല്‍കുമെന്നും കുല്‍ക്കര്‍ണി അറിയിച്ചു.
ആഴ്ച്ചകളോളം നീളുന്ന പദ്ധതി നഗര,ഗ്രാമമേഖലകളില്‍ നടക്കും. സംസ്ഥാനത്തുള്ളവരുടെ മുഴുവന്‍ കോവിഡ് പരിശോധന നടത്തണമെന്നാണ് തങ്ങള്‍ വിചാരിക്കുന്നത്.മുഴുവന്‍ ജനങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് സെക്രട്ടറി ആവശ്യപ്പെട്ടു.ഏതെങ്കിലും ജില്ലകളില്‍ കോറോണ സമൂഹ വ്യാപനമുണ്ടായിട്ടുണ്ടോ എന്ന് തിരിച്ചറിയാന്‍ 200 ജില്ലകളില്‍ ഐസിഎംആര്‍ സീറോ സര്‍വേ നടത്തിയിട്ടുണ്ട്.പകുര്‍,ലത്തേഹര്‍,സിംന്ദേഗ ജില്ലകള്‍ അടക്കമുള്ളവയിലാണ് സര്‍വേ നടത്തിയത്.
സംസ്ഥാനത്താകെ ഐസിഎംആര്‍ സര്‍വേ വേണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ മാത്രമേ സംസ്ഥാനത്തെ കോവിഡ് വ്യാപനം സംബന്ധിച്ച ചിത്രം വ്യക്തമാകുകയുള്ളൂ.ഈ മാസാവസാനത്തോടെ സര്‍വേ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.കുടിയേറ്റ തൊഴിലാളികളുടെ മടങ്ങിവരവ് കോവിഡ് വ്യാപനത്തില്‍ വളര്‍ച്ചയാണ് ഉണ്ടാക്കിയതെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു.
സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ കണക്കനുസരിച്ച് ഇതുവരെ 5,11,663 കുടിയേറ്റ തൊഴിലാളികള്‍ ജാര്‍ഖണ്ഡില്‍ എത്തിയിട്ടുണ്ട്. 238 പ്രത്യേക ശ്രാമിക് ട്രെയിനുകളിലും ബസുകളിലും 4,12,357 പേരാണ് മടങ്ങിയെത്തിയത്.78,423 കുടിയേറ്റ തൊഴിലാളികളുടെ സാമ്പിള്‍ ഇതുവരെ പരിശോധിച്ചിട്ടുണ്ടെന്നും ഇത് മൊത്തം കുടിയേറ്റക്കാരില്‍ 15.16% ആണെന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു. ഇതുവരെ 1,477 കുടിയേറ്റക്കാരെ കോവിഡ് -19 പോസിറ്റീവ് ആണെന്ന് കണ്ടെത്തി.