ന്യൂദൽഹി- കോവിഡ് മഹാമാരിക്കിടെയും കേന്ദ്ര സർക്കാർ പാവങ്ങളെ കൊള്ളയടിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇന്ധന വില ഇത്തരത്തിൽ കൂട്ടുന്നതിന്റെ യുക്തി മനസിലാകുന്നില്ലെന്നും പാവപ്പെട്ടവരിൽനിന്ന് സർക്കാർ കൊള്ളലാഭം കൊയ്യുകയാണെന്നും സോണിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെഴുതിയ കത്തില്‍ ആരോപിച്ചു. തുടർച്ചയായ പത്താം ദിവസവും എണ്ണ വില കൂട്ടിയ പശ്ചാത്തലത്തിലാണ് സോണിയയുടെ രൂക്ഷ വിമർശം.
കോവിഡിന്റെ സാന്പത്തിക ആഘാതം ദശലക്ഷക്കണക്കിന് ആളുകളുടെ ജോലിയും ഉപജീവനമാർഗവും നഷ്ടപ്പെടുത്തി. ചെറുതും വലുതുമായ വ്യവസായങ്ങൾ തകർന്നു. മധ്യവർഗത്തിന്റെ വരുമാനമാർഗം ഇല്ലാതായി. ഖാരിഫ് സീസണിലെ വിള വിതയ്ക്കാൻ കർഷകർ പാടുപെടുകയാണ്. ഈ സമയത്ത് ഇന്ധന വില വർധിപ്പിക്കുന്നതിന്റെ യുക്തി മനസിലാകുന്നില്ല.
അന്താരാഷ്ട്ര അസംസ്കൃത എണ്ണയുടെ വില കഴിഞ്ഞ ആഴ്ചയേക്കാൾ ഏകദേശം ഒന്‍പത് ശതമാനം കുറഞ്ഞു. ഇതിൽനിന്നു ജനങ്ങൾ നേട്ടമുണ്ടാക്കാൻ സർക്കാർ സമ്മതിക്കുന്നില്ല. ഇന്ധനവില വർധിപ്പിക്കുക വഴി 2,60,000 കോടി രൂപയുടെ അധിക വരുമാനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഈ സമയത്ത് ജനങ്ങൾക്കുമേല്‍ അധികഭാരം ന്യായീകരിക്കാൻ സാധിക്കില്ലെന്നും സോണിയ കത്തിൽ കുറ്റപ്പെടുത്തി.
എണ്ണവില കഴിഞ്ഞ ആറു വർഷത്തെ ഏറ്റവും കുറഞ്ഞ സ്ഥിതിയിലേക്കു വന്നിട്ടും 12 തവണ പെട്രോളിനും ഡീസലിനുമുള്ള എക്സൈസ് തീരുവ സർക്കാർ വർധിപ്പിച്ചു. പെട്രോളിന് 258 ശതമാനവും ഡീസലിന് 820 ശതമാനവുമാണ് എക്സൈസ് തീരുവ വർധിപ്പിച്ചത്. പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ കൂട്ടിയതിലൂടെ 18 ലക്ഷം കോടി രൂപ സർക്കാരിനു ലഭിച്ചിട്ടുണ്ടെന്നും സോണിയ കത്തിൽ ചൂണ്ടിക്കാട്ടി.