മുംബൈ- വിദേശത്ത് കള്ളപ്പണം ഒളിപ്പിച്ച പ്രമുഖരുടെ പേരുവിവരങ്ങള്‍ പുറത്തു കൊണ്ടു വന്ന പാനമ രേഖകള്‍ സംബന്ധിച്ച് അന്വേഷണം നടത്തുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനേയും കുടുംബാംഗങ്ങളേയും വിളിച്ചുവരുത്തി ചോദ്യം ചെയ്യും. വിദേശ ഇടപാടുകളില്‍ വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ടാണിത്. ബച്ചനും കുടുംബാംഗങ്ങള്‍ക്കും ബന്ധമുണ്ടെന്ന് പാനമ രേഖകളില്‍ പറയുന്ന തട്ടിക്കൂട്ട് വിദേശ കമ്പനികളെ സംബന്ധിച്ചും സാമ്പത്തിക ഇടപാടുകളെ കുറിച്ചും വിശദീകരണം ആവശ്യപ്പെട്ട് ജൂണില്‍ ഇഡി ബച്ചന് നോട്ടീസ് നല്‍കിയിരുന്നു.
പാനമയിലെ മൊസാക്ക് ഫൊന്‍സെക്ക എന്ന കമ്പനി വഴി പ്രമുഖരായ പല ഇന്ത്യക്കാരും വിദേശത്ത് തട്ടിക്കൂട്ട് കമ്പനികള്‍ സ്ഥാപിച്ച് കള്ളപ്പണം ഒളിപ്പിച്ചുവെന്ന വിവരമടങ്ങിയ പാനമ രേഖകള്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് പുറത്തുവന്നത്. ഈ കമ്പനികളുടെ പേരില്‍ വന്‍തോതില്‍ കള്ളപ്പണം നികുതി വെട്ടിച്ച് കടത്തിയെന്നാണ് പ്രധാന ആരോപണം.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ചട്ട പ്രകാരം 2003-നു മുമ്പ് ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശത്ത് കമ്പനി തുടങ്ങാന്‍ കഴിയുമായിരുന്നില്ല. 2004-ലാണ് ഇന്ത്യക്കാര്‍ക്ക് വിദേശത്തേക്ക് പ്രതിവര്‍ഷം 25000 ഡോളര്‍ വരെ അയക്കാനുള്ള ഉദാര പണമടക്കല്‍ പദ്ധതി അവതരിപ്പിച്ച് നിയന്ത്രിത അനുമതി നല്‍കിയത്. പിന്നീട് ഉയര്‍ത്തിയ ഈ നിരക്ക് 2.50 ലക്ഷം ഡോളര്‍ ആണിപ്പോള്‍. ഉദാര പണമടക്കല്‍ പദ്ധതിയില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഓഹരി വാങ്ങാനുള്ള അവകാശം മാത്രമെ ആര്‍ ബി ഐ നല്‍കുന്നുള്ളൂ. വിദേശത്ത് കമ്പനി തുടങ്ങാനുള്ള അനുമതി നല്‍കുന്നില്ല.