കോട്ടയം- ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടുന്നതിനെ ചൊല്ലി കേരള കോൺഗ്രസ് എമ്മിൽ ഉടലെടുത്ത ഭിന്നത തീർക്കാൻ സമവായ ശ്രമങ്ങൾ നീളുമ്പോൾ പന്ത് കോൺഗ്രസിന്റെ കോർട്ടിൽ. പഞ്ചായത്ത് പ്രസിഡന്റ് പദം ഒഴിഞ്ഞ് ജോസഫ് വിഭാഗത്തിന് നൽകുന്നതിനോട് തങ്ങൾക്ക് വിയോജിപ്പില്ലെന്നാണ് ജോസ് കെ. മാണി വിഭാഗം ഏറ്റവും ഒടുവിൽ സ്വീകരിച്ച നിലപാടെന്നാണ് അറിയുന്നത്.
പക്ഷേ ചില ഉറപ്പുകളുടെ അടിസ്ഥാനത്തിൽ മാത്രമേ അത്തരത്തിലുള്ള വിട്ടുവീഴ്ച്ചക്ക് കഴിയൂ എന്ന് കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ ജോസ് കെ. മാണി വിഭാഗം കർശന നിലപാട് സ്വീകരിച്ചിരുന്നു. ഇക്കാര്യത്തിൽ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിലുള്ള ഉറപ്പാണ് ജോസ് കെ. മാണി വിഭാഗം ആഗ്രഹിക്കുന്നത്. കെ.എം. മാണിയുടെ കുടുംബവും പി.കെ. കുഞ്ഞാലിക്കുട്ടിയുമായുള്ള അടുപ്പമാണ് ഇതിനു പ്രധാന കാരണം.
ഇതിനായി ഏഴിന ഫോർമുലയാണ് ജോസ് കെ. മാണി വിഭാഗം മുന്നോട്ടു വെച്ചത്. ജോസഫ് വിഭാഗം അടി്ക്കടി നിലപാടു മാറ്റുമെന്നും കൂടാതെ ജില്ലയിലെ കോൺഗ്രസ് നേതൃത്വം തങ്ങളെ പാലം വലിക്കുമെന്ന ചിന്തയുമാണ് ഇത്തരത്തിലുള്ള ഉറപ്പിനായി ജോസ് വിഭാഗത്തെ നിർബന്ധിതമാക്കുന്നത്. അടുത്ത തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടുള്ള ഒരു നീക്കമാണ് മുന്നോട്ടുവച്ചിട്ടുള്ളത്. ചില ഉറപ്പുകൾ ലഭിച്ചില്ലെങ്കിൽ ജോസഫ് വിഭാഗം വീണ്ടും വെട്ടിലാക്കുമെന്നാണ് ജോസ് വിഭാഗത്തിലെ നേതാക്കളുടെ പക്ഷം. തെരഞ്ഞെടുപ്പ് സമയത്ത് പരസ്പര വിഴുപ്പലയ്ക്കൽ എല്ലാ സാധ്യതകളെയും അട്ടിമറിക്കുമെന്നതിനാലാണ് ഇത്തരത്തിലുള്ള ചില ധാരണകൾ ആവശ്യപ്പെടുന്നത്.
പാലായിലെ തോൽവി തന്നെയാണ് ജോസ് വിഭാഗത്തെ ജോസഫുമായി മാനസികമായി ഏറെ അകറ്റിയത്. അരനൂറ്റാണ്ടായി പാലാ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത കെ.എം. മാണിയുടെ വിയോഗത്തെ പോലും സ്വന്തം താൽപര്യത്തിനുള്ള അവസരമാക്കി മാറ്റി സീറ്റ് നഷ്ടപ്പെടുത്തിയത് പൊറുക്കാനാവാത്ത തെറ്റാണെന്ന് ജോസ് വിഭാഗം വ്യക്തമാക്കി. അന്ന് ജോസഫ് വിഭാഗം യു.ഡി.എഫിനെ ദുർബലപ്പെടുത്താനായി പരസ്യമായി നിലയുറപ്പിച്ചിട്ടും കോൺഗ്രസ് നേതൃത്വം അനങ്ങിയില്ല.
അങ്ങനെയിരിക്കെ ഇപ്പോൾ ജില്ലാ പഞ്ചായത്തിന്റെ പേരിൽ ജോസഫിന്റെ വാദം അംഗീകരിക്കുന്നത് ഏതു മാനദണ്ഡമനുസരിച്ചാണെന്നാണ് ജോസ് വിഭാഗത്തിന്റെ ചോദ്യം. പാളയത്തിലെ പട യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കി. എന്നിട്ടും ജോസഫിന്റെ വാദങ്ങൾക്ക് മുൻതൂക്കം നൽകുന്നത് ശരിയല്ല. ഇത്തരത്തിലുള്ള ഇരട്ടത്താപ്പ് സമീപനമുള്ള ജോസഫ് വിഭാഗത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദം വിട്ടു നൽകുമ്പോൾ ചില ഉറപ്പുകൾ വാങ്ങേണ്ടത് പാർട്ടിയുടെ നിലനിൽപ്പിന് അനിവാര്യമാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടിയെ ജോസ് വിഭാഗം ധരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പദം വിട്ടുകൊടുക്കുന്നതിനുള്ള പ്രശ്നമല്ല മറിച്ച് ജോസഫ് വിഭാഗത്തിനുള്ള വിശ്വാസമില്ലായ്മയാണ് പ്രശ്നമെന്നാണ് ജോസ് വിഭാഗം അറിയിച്ചത്.
തുടർന്ന് ജോസഫ് വിഭാഗവുമായി നടത്തിയ ചർച്ചയിലും ചില ധാരണകൾ വേണമന്നു തന്നെയുള്ള നിർദേശമാണ് ഉയർന്നുവന്നത്. ഇരു വിഭാഗത്തിന്റെയും ആവശ്യങ്ങൾ ഇപ്പോൾ കോൺഗ്രസിന്റെ മുമ്പാകെയാണ്. യു.പി.എയിലെ ഘടകക്ഷി എന്ന നിലയിൽ ജോസ് കെ. മാണി വിഭാഗത്തിനെ പൂർണമായി തള്ളികളയാൻ കോൺഗ്രസിന് ആകില്ല.
രണ്ട് എം.പിമാരുള്ള യു.പി.എ ഘടകകക്ഷിയെന്ന നിലയിൽ അവസാന ഘട്ടത്തിൽ ഹൈക്കമാന്റ് തന്നെ വിഷയത്തിൽ ഇടപെട്ടേക്കും. തങ്ങൾക്ക് അനുകൂലമല്ല തീരുമാനമെങ്കിൽ ഏതു കടുത്ത നിലപാടും സ്വീകരിക്കാനാണ് ജോസ് വിഭാഗത്തിന്റെ തീരുമാനം.