വാഷിങ്ടണ്‍- ദക്ഷിണേഷ്യയില്‍ ഭീകരവാദം വളര്‍ത്തിയതില്‍ യുഎസിനും ഉത്തരവാദിത്തമുണ്ടെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. സോവിയറ്റ് യൂനിയനെതിരായ അമേരിക്കയുടെ നിഴല്‍ യുദ്ധത്തോട് സഹകരിച്ചതാണ് പാക്കിസ്ഥാനില്‍ ഇന്നത്തെ പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് ആസിഫ് പറഞ്ഞു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സഈദ്, ലഷ്‌കറെ ത്വയ്ബ, ഹഖാനി ഭീകര്‍ തുടങ്ങിയവരെയെല്ലാം പരിപോഷിപ്പിച്ചത് യുഎസ് ആണെന്നും രണ്ടു മൂന്ന് പതിറ്റാണ്ടു മുമ്പു വരെ ഇവരെല്ലാം യുഎസിന്റെ പ്രിയങ്കരര്‍ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'സോവിയറ്റ് യൂനിയനെതിരായ യുദ്ധത്തില്‍ യുഎസിനൊപ്പം പാക്കിസ്ഥാന്‍ ഉറച്ചു നിന്നു. അതൊരു നിഴല്‍ യുദ്ധമായിരുന്നു. പാക്കിസ്ഥാനെ ഉപയോഗപ്പെടുത്തിയ ശേഷം ഉപേക്ഷിക്കുകയായിരുന്നു.' മേഖലയില്‍ ഇസ്ലാമിസ്റ്റുകളുടേയും തീവ്രവാദത്തിന്റേയും വളര്‍ച്ചയ്ക്ക് പാക്കിസ്ഥാനെ മാത്രം കുറ്റപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഇതൊരു കൂട്ടായ പാപത്തിന്റെയോ പിഴവിന്റെയോ അനന്തരഫലമാണ്. പാക്കിസ്ഥാന്റെ ഭാഗത്തും പിഴവുകള്‍ സംഭവിച്ചിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പാക്കിസ്ഥാനോടുള്ള പുതിയ നയം ആശ്ചര്യപ്പെടുത്തുന്നതല്ലെന്നും നിരാശപ്പെടുത്തുന്നതാണെന്നും മന്ത്രി പറഞ്ഞു. കോടിക്കണക്കിന് ഡോളര്‍ പാക്കിസ്ഥാനു വേണ്ടി ചെലവിട്ടിട്ടുണ്ടെന്ന ട്രംപിന്റെ അവകാശവാദം പച്ചക്കള്ളമാണെന്നും ഖ്വാജ ആസിഫ് പറഞ്ഞു. അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും പാക്കിസ്ഥാന്‍ നല്‍കിയ സേവനങ്ങള്‍ക്കുള്ള പ്രതിഫലമാണ് ആ പണം. അഫ്ഗാന്‍ യുദ്ധത്തിനു വേണ്ടി പാക്കിസ്ഥാനു നല്‍കുന്ന കൊളീഷന്‍ സപ്പോര്‍ട്ട് ഫണ്ട് ചൂണ്ടിക്കാട്ടി ആസിഫ് പറഞ്ഞു.
ഹാഫിസ് സഈദുമാരേയും ഹഖാനികളേയും ചൊല്ലി പാക്കിസ്ഥാനെ മാത്രം പഴിചാരരുത്. അവരൊക്കെ വൈറ്റ് ഹൗസില്‍ ഒന്നിച്ചിരുന്ന് തിന്നുകയും കുടിക്കുകയും ചെയ്തവരാണ്. അവസാനം ഭീകരരെ വളര്‍ത്തിയെന്ന ആരോപണം പാക്കിസ്ഥാന്‍ മാത്രം കേള്‍ക്കേണ്ടി വരുന്നതായും അദ്ദേഹം പറഞ്ഞു. പോയ കാലത്തെ കുറിച്ചല്ല, ഭാവിയെ കുറിച്ചാണ് ചര്‍ച്ചയെന്നു ചൂണ്ടിക്കാട്ടി പാക്ക് വിദേശകാര്യമന്ത്രിയുടെ പ്രസംഗത്തില്‍ ഇടപെടാന്‍ മോഡറേറ്റര്‍ ശ്രമിച്ചെങ്കിലും അദ്ദേഹം തുടര്‍ന്നു. ചരിത്രത്തെ അവഗണിച്ച് ഒരിക്കലും മുമ്പോട്ടു പോകാനാവില്ല. അവര്‍ (തീവ്രവാദികള്‍) ഒരു ബാധ്യതയാണ്. ഇത് മറികടക്കാന്‍ പാക്കിസ്ഥാന് സമയമെടുക്കും. സഈദും ലഷ്‌കറും ബാധ്യതയാണെന്ന് കാര്യം സമ്മതിക്കുന്നു. എന്നാല്‍ ഇവരെ നീക്കം ചെയ്യാന്‍ സമയം അനുവദിക്കണം. ഈ ബാധ്യകള്‍ തീര്‍ക്കാനുള്ള ശേഷി ഞങ്ങള്‍ക്കില്ല,' അദ്ദേഹം പറഞ്ഞു.