ഇന്‍ഡോർ- മധ്യപ്രദേശില്‍ മാസ്ക് ധരിക്കാത്തതിന് വരനും സംഘത്തിനും 2100 രൂപ പിഴ. ഇൻഡോറിലാണ് സംഭവം. വരനും കൂടെയുണ്ടായിരുന്ന 12 പേരും മാസ്ക് ധരിക്കാതെ തുറന്ന വാഹനത്തിൽ ഇരിക്കുന്നത് ശ്രദ്ധയിൽപെട്ട ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഉടൻ തന്നെ പിടികൂടി പിഴ ചുമത്തുകയായിരുന്നു.
മധ്യപ്രദേശിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത നഗരമാണ് ഇൻഡോർ. ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനായി നഗരത്തില്‍ എല്ലാദിവസവും ആരോഗ്യ വകുപ്പ് പരിശോധന നടത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിന് 12 പേർക്ക് അനുമതി നല്‍കിയിരുന്നു. ഇവർ പേർ സാമൂഹിക അകലം പാലിക്കാതെ വാഹനത്തിൽ ഒരുമിച്ച് ഇരിക്കുകയായിരുന്നു. ആരും മാസ്ക് ധരിച്ചിരുന്നില്ല.
സംഭവ സ്ഥലത്ത് വെച്ച് തന്നെ വരന്‍റെ പക്കല്‍നിന്ന് 2100 രൂപ ഈടാക്കി. 1100 രൂപ സാമൂഹിക അകലം പാലിക്കാത്തതിനും 1000 രൂപ മാസ്ക് ധരിക്കാത്തതിനുമാണ് പിഴ ഈടാക്കിയത്.