ന്യൂദൽഹി- ഇന്ത്യയിലുടനീളമുള്ള 500 കേന്ദ്ര ചരക്കു സേവന നികുതി കസ്റ്റംസ് ഓഫീസുകളിലും ഇഓഫീസ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിന്റെ ഉദ്ഘാടനം കേന്ദ്ര പരോക്ഷനികുതി കസ്റ്റംസ് ബോർഡ് ചെയർമാൻ എം. അജിത് കുമാർ നിർവ്വഹിച്ചു. സി.ബി.ഐ.സി.യുടെ 800 ഓളം മുതിർന്ന ഉദ്യോഗസ്ഥരുടെ നേരിട്ടല്ലാതെയുള്ള സാന്നിധ്യത്തിൽ ആയിരുന്നു ഇ-ഓഫീസ് ആപ്ലിക്കേഷൻ ആരംഭിച്ചത്. നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ (എൻ.ഐ.സി.) ഡയറക്ടർ ജനറൽ ഡോ നീത വർമ്മയും പങ്കെടുത്തു.
50,000 ത്തിലധികം ഉദ്യോഗസ്ഥർ ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതോടെ ആഭ്യന്തര ഓഫീസ് നടപടിക്രമങ്ങൾ ഓട്ടോമേറ്റ് ചെയ്യുന്ന ഏറ്റവും വലിയ സർക്കാർ വകുപ്പുകളിൽ ഒന്നായി സി.ബി.ഐ.സി. മാറും.
മനുഷ്യപ്രയത്‌നം ഉപയോഗിച്ചും കടലാസ്സ് അധിഷ്ഠിതമായും ഉള്ള ഫയലുകളുടെ കൈകാര്യം ചെയ്യൽ രീതി അടിസ്ഥാനമാക്കിയുള്ള ആഭ്യന്തര ഓഫീസ് നടപടിക്രമങ്ങളിൽ അടിസ്ഥാനപരമായ മാറ്റമാണ് ഇഓഫീസ് ആരംഭം.
അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് ആൻഡ് പബ്ലിക് ഗ്രീവൻസസ് (ഡി.എ.ആർ.പി.ജി.) പിന്തുണയോടെ എൻ.ഐ.സി. ആണ് ഇഓഫീസ് ആപ്ലിക്കേഷൻ വികസിപ്പിച്ചത്. ഇഓഫീസ് ആപ്ലിക്കേഷന്റെ പ്രധാന മൊഡ്യൂളായ ഇഫയൽ, ഫയലുമായി ബന്ധപ്പെട്ട ജോലികൾ ഓൺലൈൻ ആയാണ് ചെയ്യുന്നത്. തപാൽ സ്വീകരിച്ച് രേഖപ്പെടുത്തുന്നതിൽ നിന്നും ആരംഭിച്ച് ഒരു ഫയലിൻറെ മുന്നോട്ടുള്ള ചലനവും, കരട് കത്ത് തയ്യാറാക്കലും, അതിനു അംഗീകാരം/ഒപ്പ് നേടലും, ഒപ്പിട്ട കത്തിന്റെ അയക്കലും വരെ ഇതിൽ ഉൾപ്പെടുന്നു.
സി.ജി.എസ്.റ്റി. ഉദ്യോഗസ്ഥരും കസ്റ്റംസ് ഉദ്യോഗസ്ഥരും ദൈനംദിന ജോലികളിൽ ഇഓഫീസ് ഉപയോഗിക്കുന്നതോടെ വേഗത്തിലുള്ള തീരുമാനമെടുക്കൽ, സുതാര്യത, ഉത്തരവാദിത്തബോധം എന്നീ കാര്യങ്ങളെ ഗുണപരമായി സ്വാധീനിക്കുന്ന പരിതസ്ഥിതി സംജാതമാകും. ഒരു ഫയലോ രേഖയോ മാറ്റാനോ, നശിപ്പിക്കാനോ, തിയതി മുന്നോട്ടാക്കാനോ കഴിയാത്തതിനാൽ മെച്ചപ്പെട്ട സുരക്ഷ ഇഓഫീസ് ഉറപ്പാക്കുന്നു. അന്തർനിർമ്മിത നിരീക്ഷണ സംവിധാനം ഉള്ളതിനാൽ ഫയലുകൾ എവിടെയാണെന്ന് മനസ്സിലാക്കാനും പെട്ടെന്നുള്ള ഫയൽ നീക്കവും വേഗത്തിലുള്ള തീരുമാനമെടുക്കലും സാധ്യമാകും.