തൃശൂർ - തൃശൂർ ഗവ മെഡിക്കൽ കോളേജിൽ നടത്തിയ പ്ലാസ്മ തെറാപ്പി വിജയകരം. കോവിഡ് രോഗബാധയെ തുടർന്ന് അതീവഗുരുതരമായ അവസ്ഥയിലായിരുന്ന 51 വയസ്സുകാരൻ പ്ലാസ്മ തെറാപ്പിയെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് കോവിഡ് ഐ.സി.യുവിൽ സുഖം പ്രാപിച്ചുവരുന്നു.
കോവിഡ് രോഗശമനത്തിനായി പ്ലാസ്മഫെറസിസ് മുഖേന പ്ലാസ്മ തെറാപ്പി ആണ് കേരളത്തിൽ ആദ്യമായി ഇദ്ദേഹത്തിന് നൽകിയിരുന്നത്.
ഡൽഹിയിൽ നിന്നും കേരളത്തിലെത്തിയ ഇദ്ദേഹത്തിന് ജൂൺ ആറിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ന്യൂമോണിയയെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ ഇദ്ദേഹം കഴിഞ്ഞ ആറു ദിവസമായി വെന്റിലേറ്ററിൽ ആയിരുന്നു. ഇപ്പോൾ രോഗശമനത്തെ തുടർന്ന് വെന്റിലേറ്ററിൽ നിന്ന് മാറ്റി
പ്ലാസ്മ തെറാപ്പി കേരളത്തിൽ ആദ്യമായി ഇദ്ദേഹത്തിനാണ് നൽകിയത്. നൂതന മരുന്നുകളും ഇദ്ദേഹത്തിന് നൽകിയിരുന്നു.
കോവിഡ് രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലാകുന്ന രോഗികൾക്ക് ആശ്വാസം പകരുന്ന നൂതന ചികിത്സയാണ് പ്ലാസ്മ തെറാപ്പി. േകാവിഡ് രോഗത്തെ നിയന്ത്രിക്കാൻ ഫലപ്രദമായ മരുന്നുകൾ കുറവായ സാഹചര്യത്തിൽ പ്ലാസ്മ തെറാപ്പി വളരെ പ്രാധാന്യമർഹിക്കുന്നതായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. പ്രതിരോധ കുത്തിവെപ്പുകൾ വരുന്നതിനു മുൻപ് പോളിയോ, അഞ്ചാം പനി തുടങ്ങിയ രോഗങ്ങളെ നേരിടാൻ ഈ ചികിത്സാരീതി അവലംബിച്ചിരുന്നു. കോവിഡ് ബാധിക്കുന്നവരുടെ ശരീരത്തിൽ വൈറസിനെതിരെ ഉണ്ടാകുന്ന പ്രതി പദാർത്ഥങ്ങളെ ആൻറിബോഡി എന്ന് പറയുന്നത്.കോവിഡ് രോഗം ബാധിച്ച് സുഖം പ്രാപിക്കുന്നവരുടെ രക്തത്തിൽ ഇത്തരം ആൻറിബോഡി ധാരാളമുണ്ടാകുന്നു. അങ്ങനെ സുഖം പ്രാപിച്ച രോഗികളുടെ രക്തത്തിൽ നിന്നും ആൻറിബോഡി അടങ്ങിയിട്ടുള്ള പ്ലാസ്മ വേർതിരിച്ചു ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് നൽകുന്നത് രോഗശമനത്തിന് കാരണമാകുന്നു. കോവിഡ് രോഗത്തിൽ നിന്നും സുഖം പ്രാപിച്ച 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും രോഗം മാറി ഒരു മാസത്തിലും നാലു മാസത്തിനുമിടയിൽ പ്ലാസ്മ തെറാപ്പിക്കു വേണ്ടി രക്തം ദാനം ചെയ്യാം. ഇത്തരത്തിൽ രക്തം ദാനം ചെയ്യുന്നവരിൽ നിന്നും എംഫറസിസ് എന്ന പ്രക്രിയയിലൂടെ ആൻറിബോഡി അടങ്ങിയ പ്ലാസ്മാ വേർതിരിച്ചെടുക്കുന്നു. ഒരു ദാതാവിൽ നിന്നും 400എം.എൽ പ്ലാസ്മ വേർതിരിച്ചെടുക്കാൻ കഴിയും.ഇത് 200 എം എൽ അളവിൽ രണ്ടു തവണയായാണ് രോഗിക്കു നൽകുക. ഗുരുതരമായ പാർശ്വഫലങ്ങൾ ഒന്നും പ്ലാസ്മ ചികിത്സക്കു ഇല്ല. അതേസമയം അതീവ ഗുരുതരാവസ്ഥയിൽ ഉള്ള രോഗികൾക്ക് ഇത് ഉപകാരപ്രദമാവുകയും ചെയ്യുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
ഈ പഠനത്തിന്റെ ഭാഗമായാണ് തൃശൂർ മെഡിക്കൽ കോളേജിൽ അതീവ ഗുരുതര അവസ്ഥയിൽ ആയിരുന്ന രോഗിക്ക് എംഫറസിസ് മുഖേന ചികിത്സ ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെയും, സൂപ്രണ്ടിന്റെയും നേതൃത്വത്തിൽ വിവിധ ചികിത്സാ വിഭാഗങ്ങളുടെ കഠിന പ്രയത്‌നത്തിന്റെ ഭാഗമായാണ് രോഗി സുഖം പ്രാപിച്ചത്.