കാബൂള്‍- അഫ്ഗനിസ്ഥാന്‍ തലസ്ഥാനത്തെ ഹാമിദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ ഉണ്ടായ റോക്കറ്റാക്രമണത്തില്‍ ദല്‍ഹിയിലേക്ക് പറന്നുയരാനിരിക്കുകയായിരുന്ന സ്‌പൈസ് ജെറ്റ് വിമാനം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. 180 യാത്രക്കാരുമായി ഇന്ത്യയിലേക്ക് പറന്നുയരാന്‍ തയാറെടുക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. വിമാനത്തിനു കേടുപാടുകളൊന്നുമില്ല. യാത്രക്കാരേയും ജീവനക്കാരേയും പുറത്തിറക്കി ടെര്‍മിനല്‍ കെട്ടിടത്തിലേക്ക് മാറ്റി.
വിമാനത്താവളത്തിനു നേരെ പലതവണ റോക്കറ്റ് ആക്രമണമുണ്ടായി. വിമാനത്താവളത്തിനു ചുറ്റിലും ആറു റോക്കറ്റുകള്‍ പതിച്ചിച്ചു. ഇവയിലൊന്നു വിമാനത്താവളത്തിനു സമീപത്തെ വീടിനു മുകളില്‍ പതിച്ചു അഞ്ചു പേര്‍ക്ക് പരിക്കേറ്റു. താലിബാന്‍ ആണ് ആക്രമണത്തിനു പിന്നില്‍. അഫ്ഗാന്‍ സന്ദര്‍ശനത്തിനെത്തിയ യുഎസ് വിദേശകാര്യ സെക്രട്ടറി ജിം മാറ്റിസിനെ ലക്ഷ്യമിട്ടാണ് ആക്രണം നടത്തിയതെന്ന് ട്വിറ്ററിലൂടെ താലിബാന്‍ അവകാശപ്പെട്ടു. മാറ്റിസ് കാബൂള്‍ ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളിലാണ് റോക്കറ്റാക്രമണമുണ്ടായത്.