തിരുവനന്തപുരം- ഐ.ടി പ്രൊഫഷണലും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ വീണ തൈക്കണ്ടിയും ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസും വിവാഹിതരായി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. രാവിലെ പത്തരക്ക് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ഐ.ടി. കമ്പനിയായ എക്സലോജിക് സൊല്യൂഷൻസ് െ്രെപവറ്റ് ലിമിറ്റഡ് ഡയറക്ടറാണ് വീണ. 2009ൽ കോഴിക്കോട് ലോക്സഭാ സീറ്റിലെ ഇടതുമുന്നണി സ്ഥാനാർഥിയായിരുന്നു മുഹമ്മദ് റിയാസ്. ഇരുവരുടേയും രണ്ടാം വിവാഹമാണിത്.വിവാഹ രജിസ്ട്രേഷൻ നേരത്തെ കഴിഞ്ഞിരുന്നു.
പിണറായിയുടെയും കമലയുടെയും ഏക മകളാണു വീണ. ഐടി ബിരുദധാരിയായ വീണ ആറു വർഷം ഓറക്കിളിൽ പ്രവർത്തിച്ച ശേഷം തിരുവനന്തപുരത്ത് ആർപി ടെക്സോഫ്റ്റ് ഇന്റർനാഷനലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി. 2014 മുതൽ ബെംഗളൂരുവിൽ എക്സാലോജിക് സൊല്യൂഷൻസിന്റെ എംഡി ആയി പ്രവർത്തിക്കുകയാണ്.
മുൻ കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ പി.എം. അബ്ദുൽ ഖാദറിന്റെയും അയിഷാബിയുടെയും മകനായ റിയാസ് കോഴിക്കോട് കോട്ടൂളി സ്വദേശിയാണ്. എസ്എഫ്ഐയിലൂടെയും ഡിവൈഎഫ്ഐയിലൂടെയും വളർന്നു സിപിഎം യുവനേതൃനിരയിൽ ശ്രദ്ധേയനായി മാറിയ റിയാസ് ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. 2017 മുതൽ അഖിലേന്ത്യാ അധ്യക്ഷനായി പ്രവര്‍ത്തിക്കുകയാണ്.