കട്ടക്- പെന്‍ഷന്‍ തുക പിന്‍വലിക്കാന്‍ അക്കൗണ്ട് ഹോള്‍ഡറായ അമ്മയെ നേരിട്ട് എത്തിക്കണമെന്ന ബാങ്ക് അധികൃതരുടെ കാര്‍ക്കശ്യത്തെ തുടര്‍ന്ന് നൂറുവയസുകാരിയായ മാതാവിനെ കട്ടിലില്‍ വലിച്ചിഴച്ച് ബാങ്കിലെത്തിച്ച് മകള്‍. ഒഡീഷയിലെ നൗപാരയിലാണ് സംഭവം.നൂറുവയസുകാരി ലാബേ ബാഗലിനെ മകളായ പുഞ്ചിമാതി ദായിയാണ് കിലോമീറ്ററുകളോളം കട്ടിലില്‍ കെട്ടിവലിച്ച് റോഡിലൂടെ നടന്നുപോകേണ്ട ദുരിതമുണ്ടായത് .
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സ്ത്രീകളുടെ ജന്‍ധന്‍ അക്കൗണ്ടുകളില്‍ പ്രതിമാസം അഞ്ഞൂറ് രൂപ വീതം മൂന്ന് മാസത്തേക്ക് നിക്ഷേപിക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്ന് ജൂണ്‍ ഒന്‍പതിന് മൂന്ന് മാസത്തെ പെന്‍ഷന്‍ തുക പിന്‍വലിക്കാനാണ് വൃദ്ധയുടെ മകളായ അറുപതുകാരി ബാങ്കിലെത്തിയത്. എന്നാല്‍ അമ്മയെ നേരിട്ട് കാണണമെന്ന് ബാങ്ക് മാനേജര്‍ വാശിപ്പിടിച്ചു.
ഇതേതുടര്‍ന്നാണ് ഇവര്‍ക്ക് ഇത്ര വലിയ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നത്. മാതാവിനെ കിടക്കുന്ന കട്ടിലില്‍ തന്നെ വലിച്ചിഴച്ച് ബാങ്കിലെത്തിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ജില്ലാകളക്ടര്‍ ഇടപെട്ടു. മാതാവിനെ വീട്ടില്‍ വന്ന് കണ്ട് ബോധ്യപ്പെടാമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചിരുന്നുവെന്നും എന്നാല്‍ ബാങ്കില്‍ മതിയായ ജീവനക്കാരില്ലാത്തതിനാലാണ് പോകാതിരുന്നതെന്നും ജില്ലാകളക്ടര്‍ പറഞ്ഞു.