Sorry, you need to enable JavaScript to visit this website.

കോവിഡ് കാലത്തും അലിവിന്റെ അടയാത്ത ശ്രീകോവിൽ


ഇത് ഫിറോസ് കുന്നംപറമ്പിൽ. ആമുഖം അപ്രസക്തം. എട്ടര ലക്ഷം ഫോളൊവേഴ്‌സുള്ള തന്റെ സാമൂഹ്യമാധ്യമ വിലാസം ഉപയോഗിച്ച് ജീവകാരുണ്യ മേഖലയിൽ ഇന്ത്യയിൽ തന്നെ ചാരിറ്റിയിൽ സർവകാല റെക്കോർഡ് സൃഷ്ടിച്ച ഒറ്റയാൾ. ജാതിമത പ്രായപരിഗണനകളില്ലാതെ അർഹരായ ആയിരക്കണക്കിന് രോഗികൾക്ക് സഹായമെത്തിച്ചുകൊടുക്കുന്ന നിസ്വാർഥ സേവകൻ. 
എന്ത് നല്ല കാര്യം ചെയ്താലും എതിർപ്പും അപവാദവും ഏറ്റുവാങ്ങേണ്ടി വരികയെന്നത് മലയാളിക്ക് മാത്രം വിധിക്കപ്പെട്ട സഹജമായ ശാപമായതുകൊണ്ട് ഇടക്ക് ചില എതിർപ്പുകളും പരിഹാസങ്ങളുമൊക്കെ ഫിറോസിനും ഏറ്റുവാങ്ങേണ്ടി വന്നു. അതിന് സംഘടിത രൂപം കൈവന്നപ്പോൾ ഫിറോസ് പതുക്കെ രംഗത്ത് നിന്ന് നിഷ്‌ക്രമിക്കാനൊരുങ്ങിയെങ്കിലും നൂറുകണക്കിന് രോഗികളും അവരുടെ ആശ്രിതരും ഫിറോസിലുള്ള വിശ്വാസം ഇരട്ടിപ്പിക്കുകയായിരുന്നു. അവരുടെ ന്യായമായ ആവശ്യത്തിനു മുന്നിൽ ഫിറോസിന് തന്റെ മുൻതീരുമാനം മാറ്റേണ്ടി വന്നു.
പാലക്കാടിന്റെ കിഴക്കൻ ഭാഗത്ത് ആലത്തൂരിൽ നിന്നുള്ള ദരിദ്ര കുടുംബാംഗമായ, സാധാരണക്കാരിൽ സാധാരണക്കാരനായ ഈ പത്താം ക്ലാസുകാരൻ കേവലം മണിക്കൂറുകൾ കൊണ്ടാണ് പാവപ്പെട്ട രോഗികൾക്കായി ലക്ഷങ്ങൾ പിരിക്കുന്നത്. അതും ഒരു വീഡിയോ ചാറ്റിലൂടെ അല്ലെങ്കിൽ വാട്‌സാപ് സന്ദേശത്തിലൂടെ. ജനങ്ങൾക്ക് തന്നിലുള്ള വിശ്വാസമാണ് ഇതിനു കാരണമെന്ന് ഫിറോസ് കുന്നംപറമ്പിൽ വിനയാന്വിതനായി പറയുന്നു.


എത്രയോ രോഗികളാണ് ഫിറോസിന്റെ സഹായത്താൽ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. അവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പ്രാർഥനയാണ് തന്റെ സേവന വീഥിയിൽ മുന്നോട്ടുള്ള പ്രയാണത്തിന് വഴിവെളിച്ചമാകുന്നതെന്നും ഇദ്ദേഹം വിശ്വസിക്കുന്നു.
എതിർപ്പുകളെ മറികടന്ന്, ചിതയിൽ നിന്ന് ചിറകടിച്ചുയർന്ന ഫീനിക്‌സ് പക്ഷിയെപ്പോലെയാണ് ജീവകാരുണ്യരംഗത്ത് ഫിറോസ് വീണ്ടും സജീവമായത്. ചാരിറ്റി പ്രവർത്തനം സോഷ്യൽ മീഡിയ വഴിയുള്ളത് അവസാനിപ്പിക്കാൻ ഇടക്ക് തീരുമാനിച്ചത് രാഷ്ട്രീയമായ ചില കാരണങ്ങൾ കൂടി പൊക്കിപ്പിടിച്ച് ചിലർ നടത്തിയ സൈബർ ആക്രമണം കാരണമായിരുന്നു. പക്ഷേ നിശ്ശബ്ദനായി നിന്നിട്ടും ആളുകൾ വെറുതെ വിടുന്നില്ലെന്നു കണ്ടപ്പോൾ വീണ്ടും ഈ രംഗത്തേക്ക് കടന്നുവരികയായിരുന്നുവെന്ന് ഫിറോസ് പറയുന്നു. നാലു മാസം വെറുതെ വീട്ടിലിരുന്നപ്പോഴും രോഗികളും അവരുടെ ബന്ധുക്കളും വിളിച്ചുകൊണ്ടേയിരുന്നു. ആത്മാർഥമായ ആ വിളിക്കുത്തരം നൽകാനായില്ല. വെല്ലുവിളികളെ അതിജീവിച്ച് സേവന പ്രവർത്തനവുമായി മുന്നോട്ട് നീങ്ങുന്നു.


-തുറന്ന പുസ്തകമാണ് എന്റെ ജീവിതം. സുതാര്യമാണ് എന്റെ ഓരോ പ്രവർത്തനവും. അതുകൊണ്ട് തന്നെ അല്ലാഹുവിനെയല്ലാതെ എനിക്കാരെയും ഒന്നും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. കൊറോണക്കാലത്തും എന്റെ സേവനത്തിനായി കൈനീട്ടുന്ന എത്രയോ ആളുകളുണ്ട്. 24 മണിക്കൂർ കൊണ്ട് 30 ലക്ഷം രൂപ ശേഖരിക്കാൻ എന്റെ അപേക്ഷക്ക് കഴിഞ്ഞുവെന്നറിയുക. അത് ജനങ്ങൾക്ക്, പ്രത്യേകിച്ചും ഈ ദുരിത കാലത്തും പ്രവാസികൾക്ക് എന്നിലുള്ള വിശ്വാസമാണ് കാണിക്കുന്നത്. കോവിഡ് കാലത്ത് അകലം പാലിച്ചുകൊണ്ടാണ് ഓരോ രോഗിയെയും അവരുടെ ആശ്രിതരെയും സമീപിക്കുന്നതും അവർക്കായി സഹായാഭ്യർഥന നടത്തുന്നതും. അവർക്കുള്ള സഹായധനവും മെഡിക്കൽ ഉപകരണങ്ങളും മറ്റും സംഭാവനയായി നൽകുന്നതും ഇങ്ങനെ നിയന്ത്രണം പാലിച്ചുകൊണ്ടാണ്. സോഷ്യൽ മീഡിയയിൽ മുമ്പത്തേക്കാൾ സ്വീകാര്യത എനിക്ക് വർധിച്ചതായാണ് അനുഭവം. വാട്‌സാപ് കൂട്ടായ്മയുടെ സേവനവും ഏറെ ഫലപ്രദമാണ് -ഫിറോസ് ചൂണ്ടിക്കാട്ടി.
നിർധനരായ പത്ത് പെൺകുട്ടികളെ വിവാഹം ചെയ്തു കൊടുക്കാൻ കഴിഞ്ഞതാണ് അടുത്ത കാലത്തെ ചാരിതാർഥ്യജനകമായ സദ്പ്രവൃത്തി. പതിനായിരം കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ നൽകി. ജിദ്ദയിലെ ബഖാല കൂട്ടായ്മയുൾപ്പെടെ നിരവധി പ്രവാസി സുഹൃത്തുക്കൾ കൈയയച്ച് നൽകിയ സംഭാവന കൊണ്ട് മഞ്ചേരിയിൽ പാവപ്പെട്ട 19 കുടുംബത്തിന് വീടുകൾ നിർമിച്ചു നൽകാനുള്ള പദ്ധതിയും ഫിറോസിന്റെ സേവന പ്രവർത്തന ചരിത്രത്തിലെ പ്രധാനപ്പെട്ട നാഴികക്കല്ലാണ്. ഫിറോസിന്റെ ഫേസ്ബുക്ക് പേജ് സാധാരണ പ്രവാസികൾ ചേർത്തു പിടിക്കുന്നു, ഏത് പ്രതിസന്ധിഘട്ടത്തിലും.  

  
 

Latest News