വാഷിങ്ടണ്‍- യുഎസില്‍ മറ്റൊരു കറുത്ത വര്‍ഗക്കാരനായ യുവാവിനെ വെടിവെച്ചുകൊന്ന പോലിസിനെതിരെ പ്രക്ഷോഭം വീണ്ടും ശക്തമാകുന്ന സാഹചര്യത്തില്‍ അറ്റ്‌ലാന്റ പോലിസ് ചീഫ് രാജിവെച്ചു.വെള്ളിയാഴ്ചയാണ് അറ്റ്‌ലാന്റയില്‍ റേയ്ഷാര്‍ഡ് ബ്രൂക്‌സ് എന്ന 27കാരനെ പോലിസ് വെടിവെച്ചു കൊന്നത്. വംശീയ കൊലപാതകത്തിനെതിരെ അറ്റ്‌ലാന്റയിലെ അന്തര്‍സംസ്ഥാന ഹൈവേ നൂറുകണക്കിന് പ്രക്ഷോഭകര്‍ തടഞ്ഞു.
വെള്ളിയാഴ്ചയായിരുന്നു സംഭവം. രാത്രി ഡ്രൈവ് ചെയ്ത ക്ഷീണത്തില്‍ വെന്‍ഡീസ് ഫാസ്റ്റ്ഫുഡ് റസ്റ്റോറന്റിന് മുമ്പില്‍ ഭക്ഷണത്തിന് കാത്തുനില്‍ക്കുന്നതിനിടെ റേയ്ഷാര്‍ഡ് കാറില്‍ കിടന്ന് ഉറങ്ങിപ്പോവുകയായിരുന്നു. ഇതേതുടര്‍ന്ന് റസ്‌റ്റോറന്റിലേക്ക് വരുന്നവരുടെ വഴി തടഞ്ഞുവെന്ന് ആരോപിച്ച് റസ്റ്റോറന്റ് ജീവനക്കാര്‍ പോലിസിനെ വിളിക്കുകയായിരുന്നു.തുടര്‍ന്ന് സ്ഥലത്തെത്തിയ പോലിസ് റേയ്ഷാര്‍ഡുമായി തര്‍ക്കമുണ്ടാവുകയും വെടിവെച്ച് കൊല്ലുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
റേയ്ഷാര്‍ഡ് മദ്യപിച്ചതായി തെളിഞ്ഞിരുന്നുവെന്നും പോലിസിന്റെ തോക്ക് കൈവശപ്പെടുത്തി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും പോലിസ് അവകാശപ്പെട്ടു. മൂന്ന് തവണയാണ് യുവാലിന് നേരെ പോലിസ് വെടിവെച്ചത്. ബ്രൂക്‌സിനെ ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും മരിക്കുകയായിരുന്നു. ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് വംശീയ കൊലപാതകങ്ങള്‍ക്ക് നേരെ വന്‍ പ്രക്ഷോഭമാണ് യുഎസിലാകെ നടക്കുന്നത്. ഇതിനിടെ അറ്റ്‌ലാന്റയില്‍ വീണ്ടും സമാനസംഭവം ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് അറ്റ്‌ലാന്റയില്‍ വന്‍ പ്രക്ഷോഭമാണ് നടക്കുന്നത്.