ദിസ്പുര്‍-അസമിലെ ആശുപത്രിയില്‍ നിന്ന് കൊവിഡ് രോഗമുക്തി നേടിയ ആള്‍ക്കു പകരം അതേ പേരുള്ള കോവിഡ് രോഗിയെ ഡിസ്ചാര്‍ജ് ചെയ്തു. സംഭവത്തില്‍ മജിസ്‌ട്രേട്ട് അന്വേഷണത്തിന് ഉത്തരവിട്ടു. സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ നിന്ന് രോഗമുക്തി നേടിയവരെ ഡിസ്ചാര്‍ജ് ചെയ്യാന്‍ അധികൃതര്‍ നല്‍കിയ 14 പേരുടെ പട്ടികയ്ക്ക് അസം സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. പട്ടികയില്‍ രണ്ടു രോഗികള്‍ക്ക് ഒരേ പേരു വന്നതാണ് പിഴവിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ദരാങ് ജില്ലയിലെ മംഗല്‍ദായ് സിവില്‍ ആശുപത്രിയിലാണ് സംഭവം.
ഒരു രോഗി ജൂണ്‍ 3 മുതലും സമാന പേരുള്ള അതിഥി തൊഴിലാളിയായ മറ്റൊരു രോഗി ജൂണ്‍ 5 മുതലും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇരുവരും ദരാങ്ങിലെ ദാല്‍ഗാവ് പ്രദേശത്തുള്ളവരാണ്. പട്ടികയിലുള്ള 14 പേരില്‍ ആറു രോഗികളെ ആദ്യം ഡിസ്ചാര്‍ജ് ചെയ്യാന്‍ ആശുപത്രി അധികൃതര്‍ തീരുമാനിച്ചു.എംഎല്‍എ ഗുരുജ്യോതി ദാസ്, ദരാങ് ജില്ലാ ഡപ്യൂട്ടി കമ്മിഷണര്‍ ദിലീപ് കുമാര്‍ ബോറ, പൊലീസ് സൂപ്രണ്ട് അമൃത് ഭൂയാന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ രോഗമുക്തി നേടിയ അഞ്ചു പേരെ ആദ്യം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
കോവിഡ് രോഗമുക്തി നേടിയ ആള്‍ക്കു പകരം വിട്ടയച്ച രോഗി ആംബുലന്‍സില്‍ ബുധനാഴ്ച രാത്രി 9 മണിയോടെ ഗ്രാമത്തിലെത്തി. പിന്നീട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പിഴവ് മനസിലാവുകയും വിട്ടയച്ച രോഗിയെ വ്യാഴാഴ്ച തന്നെ തിരികെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.