ന്യൂദല്‍ഹി- കോവിഡ് പ്രതിസന്ധി നേരിടാന്‍ രൂപീകരിച്ച പി.എം കെയര്‍ ഫണ്ട് ഓഡിറ്റ് ചെയ്യാന്‍ സ്വതന്ത്ര ഓഡിറ്ററെ നിയമിച്ചു. ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാര്‍ക് അസോസിയേറ്റ്സിനെയാണ് നിയോഗിച്ചത്. ഫണ്ട് വിനിയോഗത്തെ കുറിച്ച് ചോദ്യങ്ങള്‍ ഉയരുന്നതിനിടെയാണ് നടപടി.
മൂന്നു വര്‍ഷത്തേക്കാണ് ഓഡിറ്ററുടെ നിയമനം. പ്രധാനമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന സൗത്ത് ബ്ലോക്കിലായിരിക്കും പി.എം കെയര്‍ ഫണ്ടിന്റെ ആസ്ഥാനം. ഫണ്ട് വിനിയോഗം അടക്കം കാര്യങ്ങളുടെ മേല്‍നോട്ടത്തിന് പ്രധാനമന്ത്രിയുടെ ഓഫീസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെയും നിയോഗിച്ചു. പി.എം കെയര്‍ ഫണ്ട് ട്രസ്റ്റികള്‍ നടത്തിയ യോഗത്തിലാണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാര്‍ക് അസോസിയേറ്റ്സിനെ ഓഡിറ്റിംഗ് ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്.
സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമായിരിക്കും ഓഡിറ്റിംഗ്. കോവിഡ് പശ്ചാത്തലത്തിലാണ് കഴിഞ്ഞ മാര്‍ച്ച് 27ന് പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചത്. പ്രധാനമന്ത്രി എക്സ് ഒഫിഷ്യോ ആയും പ്രതിരോധ, ആഭ്യന്തര, ധനകാര്യ മന്ത്രിമാര്‍ എക്സ് ഒഫീഷ്യോ ട്രസ്റ്റികളുമായിട്ടാണ് പ്രവര്‍ത്തനം. ഇതിനിടെ ഫണ്ട് വിനിയോഗത്തെ കുറിച്ചും, വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്തതിനെ തുടര്‍ന്ന് സുതാര്യതയിലും ചോദ്യങ്ങളുയര്‍ന്നു. ഫണ്ടിനെ വിവരാവകാശ നിയമത്തിന് കീഴിലാക്കണമെന്ന ഹരജി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്.