വാഷിംഗ്ടണ്‍- മാസ്ക് ധരിക്കുന്നത് കർശനമാക്കിയ സ്ഥലങ്ങളില്‍ കോവിഡ് വ്യാപ്തി തടയാന്‍ കഴിഞ്ഞുവെന്ന് പുതിയ പഠനം. രോഗവ്യാപനം രൂക്ഷമായ സ്ഥലങ്ങളിൽ മാസ്ക് ഉപയോഗിച്ചത് വഴി പതിനായിരങ്ങള്‍ കോവിഡില്‍നിന്ന് രക്ഷപ്പെട്ടുവെന്നാണ് പഠനം അവകാശപ്പെടുന്നത്.
വൈറസ് പടരാതിരിക്കാനും കോവിഡ് തടയാനും മാസ്ക് വളരെ പ്രധാനമാണെന്നും ഇത് സാമൂഹിക അകലം പാലിക്കുന്നതിനേക്കാളും വീട്ടിൽ തന്നെ തുടരുന്നതിനേക്കാളും ഫലപ്രദമാണെന്നും അമേരിക്കയിലെ ദി പ്രൊസീഡിംഗ്സ ഓഫ് നാഷണൽ അക്കാദമി ഓഫ് സയൻസിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
ഏപ്രിൽ ആറിന് വടക്കൻ ഇറ്റലിയിലും ഏപ്രിൽ 17 ന് ന്യൂയോർക്ക് നഗരത്തിലും മാസ്ക് നിർബന്ധമാക്കിയതോടെ രോഗബാധ ഗണ്യമായി കുറഞ്ഞുവെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.
ന്യൂയോർക്കിൽ മാസ്ക് നിർബന്ധമാക്കിയതിനുശേഷം പുതിയ രോഗികളുടെ എണ്ണം പ്രതിദിനം മൂന്ന് ശതമാനം കുറഞ്ഞതായി ഗവേഷകർ പറയുന്നു. ഇക്കാലയളവിൽ അമേരിക്കയുടെ മറ്റ് ഭാഗങ്ങളിൽ ദിവസേന പുതിയ രോഗികൾ വർധിച്ചിരുന്നു.
മാസ്ക് നിർബന്ധമാക്കുന്നതിന് മുമ്പ് സമ്പർക്കം കുറയ്ക്കുന്നതിനായി സാമൂഹിക അകലം പാലിക്കലും ക്വാറന്‍റൈനും ന്യൂയോർക്കിലും ഇറ്റലിയിലും പ്രാബല്യത്തിലുണ്ടായിരുന്നു. നേരിട്ടുള്ള സമ്പർക്കത്തിലൂടെ വൈറസ് പകരുന്നത് കുറയ്ക്കാൻ മാത്രമേ ഇവ സഹായിക്കുകയുള്ളുയെന്നും മാസ്കാണ് കൂടുതല്‍ ഫലപ്രദമെന്നും പഠനത്തില്‍ പറയുന്നു.