ന്യൂദൽഹി- രാജ്യത്ത് 24 മണിക്കൂറിനിടെ 11,458 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിതരുടെ എണ്ണം 3,08,993 ആയി. രാജ്യത്ത് അതിവേഗത്തിലാണ് കോവിഡ് രോഗ വ്യാപനം. ഒരാഴ്ചക്കിടെ 70,000 ലേറെ പേർക്കാണ് രോഗം ബാധിച്ചത്. 386 പേരാണ് കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 8884 ആയി.
കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ രാജ്യത്ത് ഒരുലക്ഷം പേര്‍ക്കാണ് രോഗം പിടിപ്പെട്ടത്. ജനുവരി 30 ന് കേരളത്തില്‍ ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ച് ഒരുലക്ഷം രോഗികളാകാന്‍ 100 ദിവസമെടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രതിദിനം രോഗികളുടെ എണ്ണം പതിനായിരമായിരിക്കയാണ്.
ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ച രാജ്യങ്ങളിൽ നാലാമതാണ് ഇന്ത്യ. ലോകാരോഗ്യ സംഘടനയുടെ കണക്കുകളനുസരിച്ച് ബ്രസീലിനും യു.എസിനും പിന്നിലായി രോഗം അതിവേഗം വ്യാപിക്കുന്ന മൂന്നാമത്തെ രാജ്യമായി.
1,45,779 പേർ രാജ്യത്ത് ചികിത്സയിലുണ്ട്. 1,54,330 പേർക്ക് രോഗം ഭേദമായി. രോഗവ്യാപനം കൂടുതലുള്ള മഹാരാഷ്ട്രയിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 1,01,141 ആയി. 3717 ആണ് സംസ്ഥാനത്ത് മരണ സംഖ്യ.
1415 പേർ മരിച്ച ഗുജറാത്തിൽ 22527 പേർക്ക് രോഗം സ്ഥിരീകരിച്ചു. 36824 പേർക്ക് കോവിഡ് ബാധിച്ച ദല്‍ഹിയില്‍ 1214 പേർ മരിച്ചു. തമിഴ്നാട്ടിൽ രോഗബാധിതരുടെ എണ്ണം 40698 ആയി. 367 ആണ് മരണ സംഖ്യ.