Sorry, you need to enable JavaScript to visit this website.

കോവിഡ് പകരുന്നത് തടയാന്‍ നീര്‍നായ്ക്കളെ കൊന്നൊടുക്കി നെതര്‍ലന്‍ഡ്‌സ്

ആംസ്റ്റര്‍ഡാം-ലോകമെമ്പാടും കോവിഡ് വ്യാപിക്കുന്നതിനിടെ നെതര്‍ലന്‍ഡ്‌സില്‍ നിന്ന് കൂടുതല്‍ ആശങ്കപ്പെടുത്തുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. രോമത്തിനു വേണ്ടി വളര്‍ത്തുന്ന ഒരിനം നീര്‍നായയിലാണ് നെതര്‍ലന്‍ഡ്‌സില്‍ ഇപ്പോള്‍ കോവിഡ് പടര്‍ന്നുപിടിക്കുന്നത്. ഇവയെ വളര്‍ത്തുന്ന ഫാമിലെ രണ്ടു ജീവനക്കാര്‍ക്ക് നീര്‍നായയില്‍ നിന്ന് രോഗം പകര്‍ന്നുവെന്ന റിപ്പോര്‍ട്ടാണ് അധികൃതരെ ആശങ്കപ്പെടുത്തുന്നത്.
ചൈനയിലെ വുഹാനില്‍ നിന്ന് കൊറോണ പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ലോകത്ത് ആദ്യമായാണ് മൃഗങ്ങളില്‍ നിന്നു രോഗം പകര്‍ന്നുവെന്നതിനു വ്യക്തമായ തെളിവു ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ ആയിരക്കണക്കിനു നീര്‍നായ്ക്കളെ കൊന്നൊടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുകയാണ്. കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിപ്പിച്ചാണ് ഇവയെ കൊല്ലുന്നത്. കര്‍ഷകര്‍ക്കു നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ആഴ്ചകള്‍ക്ക് മുമ്പു ജനിച്ച നീര്‍നായ്ക്കളെ ഉള്‍പ്പെടെയാണു കൊന്നൊടുക്കുന്നത്. അതേസമയം, നീര്‍നായ്ക്കള്‍ കൊറോണ വൈറസിന്റെ സംഭരണകേന്ദ്രമാകുമെന്നും കൂടുതല്‍ മനുഷ്യരിലേക്കു രോഗം പടരുമെന്നുമാണു സര്‍ക്കാരിന്റെ ആശങ്ക.
പൂച്ച, നായ, കടുവ, കീരി, കുരങ്ങ് എന്നിവയ്ക്ക് കോവിഡ് പകരാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഇവയില്‍നിന്നു തിരിച്ചു മനുഷ്യരിലേക്കു പകരുമോ എന്നതില്‍ കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. ഏപ്രില്‍ 23, 25 തീയതികളിലാണ് നെതര്‍ലന്‍ഡ്‌സില്‍ നീര്‍നായകള്‍ക്കു കോവിഡ് പകര്‍ന്നതായി റിപ്പോര്‍ട്ട് വന്നത്. നീര്‍നായ്ക്കള്‍ സാധാരണയില്‍ കവിഞ്ഞു ചത്തു തുടങ്ങിയതോടെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. ചിലതിനു മൂക്കൊലിപ്പും ശ്വാസതടസവും ഉണ്ടായിരുന്നു. ഫാമിലെ കോവിഡ് ബാധിതനായ ജീവനക്കാരനില്‍ നിന്നാണ് നീര്‍നായ്ക്കള്‍ക്കു രോഗം പകര്‍ന്നതെന്നാണു കരുതുന്നത്. രാജ്യത്തെ 130 ഫാമുകളില്‍ 12 ഇടത്ത് ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.നീര്‍നായ്ക്കളെ പ്രത്യേക അറകളിലാണ് വളര്‍ത്തുന്നതെങ്കിലും രോഗം അതിവേഗത്തിലാണ് പടര്‍ന്നുപിടിക്കുന്നതെന്ന് അധികൃതര്‍പറഞ്ഞു. നെതര്‍ലന്‍ഡ്‌സില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത അമ്പതിനായിരത്തോളം കോവിഡ് കേസുകളില്‍ രണ്ടെണ്ണം മാത്രമാണ് നീര്‍നായ ഫാമുമായി ബന്ധപ്പെട്ട് ഉണ്ടായത്. എങ്കിലും വരും മാസങ്ങളില്‍ ഇതു വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് മൃഗങ്ങളെ കൊന്നൊടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്‌
 

Latest News