Sorry, you need to enable JavaScript to visit this website.

ഇന്ത്യക്ക്  വീഴ്ച പറ്റിയിടത്ത് നേട്ടം കൊയ്ത് കമ്മ്യൂണിസ്റ്റ് വിയറ്റ്‌നാം 

ഹനോയ്- കോവിഡിനെതിരായ ചെറുത്ത് നില്‍പ്പിന്റെ കാര്യത്തിലും ലോകത്തിന് അത്ഭുതമായിരിക്കുകയാണിപ്പോള്‍ വിയറ്റ്‌നാം എന്ന കൊച്ചുരാജ്യം.  ഒരൊറ്റ മരണം പോലും കോവിഡ് ബാധിച്ച് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 2020 ജൂണ്‍ 12 ലെ കണക്ക് പ്രകാരം 338 കോവിഡ് കേസുകളാണ് വിയറ്റ്‌നാമില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗവിമുക്തി നേടിയതാകട്ടെ 321 പേരുമാണ്.കടന്നാക്രമണങ്ങളെയെല്ലാം ചെറുത്ത് തോല്‍പ്പിച്ച വിയറ്റ്‌നാം ഇന്ന് ലോകത്തിന് തന്നെ അത്ഭുതമാണ്. അതിജീവനം എങ്ങനെയാണെന്ന് പ്രവര്‍ത്തിയിലൂടെയാണ് ഈ കൊച്ചു രാജ്യം കാട്ടി തന്നിരിക്കുന്നത്.
1986ല്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ ഒരു സാമ്പത്തിക ശക്തി എന്ന നിലയിലേക്കാണ് വിയറ്റ്‌നാമിനെ ഉയര്‍ത്തിയിരിക്കുന്നത്. വന്‍തോതിലുള്ള വിദേശ നിക്ഷേപവും വ്യാവസായിക  കാര്‍ഷിക മേഖലകളിലെ കുതിച്ചുചാട്ടവും വിയറ്റ്‌നാമിന്റെ മുഖചിത്രമാണ് മാറ്റി എഴുതിച്ചിരിക്കുന്നത്. ലോകത്തെ തന്നെ ഉയര്‍ന്ന വളര്‍ച്ചാ നിരക്കുള്ള രാജ്യം കൂടിയാണിത്. പത്തുകോടിക്കടുത്ത് ജനങ്ങളാണ് നിലവില്‍ വിയറ്റ്‌നാമിലുള്ളത്. കൃത്യമായി പറഞ്ഞാല്‍ 20192020ലെ യു.എന്‍ കണക്ക് പ്രകാരം 97,338,579 ആണ് ഇവിടുത്തെ ജനസംഖ്യ.മുന്‍കാല മലയാളികളുടെ ജീവിതത്തെ അനുസ്മരിപ്പിക്കുന്ന കൂട്ടുകുടുംബ വ്യവസ്ഥിതിയാണ് വിയറ്റ്‌നാം ഇന്നും പിന്തുടരുന്നത്. ഇവിടെ സര്‍വ്വ മേഖലകളിലും സ്ത്രീ സാന്നിധ്യവും ശക്തമാണ്.
ചൈനയില്‍ നിന്നും ഏറ്റവും വേഗം വൈറസ് ബാധയേല്‍ക്കാന്‍ സാധ്യതയുള്ള രാജ്യത്താണ് ഈ അതിജീവനം. ചൈനയുമായി 1,100 കിലോമീറ്റര്‍ നീളത്തിലാണ് വിയറ്റ്‌നാം അതിര്‍ത്തി പങ്കിട്ടുവരുന്നത്.
ചൈനയില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഉടനെ തന്നെ വൈറസിനെതിരായ യുദ്ധപ്രഖ്യാപനമാണ് വിയറ്റ്‌നാം നടത്തിയത്. കമ്യൂണിസ്റ്റു പാര്‍ട്ടി യോഗത്തിന് ശേഷം പ്രധാനമന്ത്രി ന്യൂയെന്‍ ഷുവാന്‍ ഫൂക് സ്വീകരിച്ച നടപടികള്‍ എടുത്ത് പറയേണ്ടതാണ്. ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളായിരുന്നു അത്.മെഡിക്കല്‍ സംവിധാനങ്ങളുടെ പരിമിതി മറികടക്കാന്‍ അതിവേഗ പ്രതിരോധമാണ് നടപ്പാക്കിയിരുന്നത്. ക്വാറന്റൈനും ശക്തമായിരുന്നു. രാജ്യത്ത് 10 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ നഗരങ്ങളില്‍ മൂന്നാഴ്ചയാണ് ക്വാറന്റൈന്‍ നടപ്പാക്കിയത്.
 

Latest News