കൊക്കകോളയും തംസ്അപ്പും നിരോധിക്കണം; ഹരജിക്കാരന്‍ അഞ്ച് ലക്ഷം പിഴശിക്ഷ

ന്യൂദല്‍ഹി- കൊക്കകോളയും തംസ്അപ്പും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയ പരാതിക്കാരന് അഞ്ച് ലക്ഷം രൂപ പിഴശിക്ഷ. ഉമേദ് സിംഹ് പി ചൗദ എന്നയാളാണ് രണ്ട് പാനീയങ്ങളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാല്‍പ്പര്യ ഹരജി നല്‍കിയത്. എന്നാല്‍ വിഷയത്തില്‍ യാതൊരുവിധ സാങ്കേതിക പരിജ്ഞാനവുമില്ലാതെയാണ് ഇയാള്‍ ഹരജി നല്‍കിയതെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. നിരോധിക്കാന്‍ എന്തുകൊണ്ട് ഈ രണ്ട് ബ്രാന്റുകള്‍ തെരഞ്ഞെടുത്തുവെന്ന സുപ്രിംകോടതിയുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ ഹരജിക്കാരന് സാധിച്ചില്ല.

ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന പാനീയങ്ങളാണിതെന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ടാണ് പൊതുതാല്‍പ്പര്യ ഹരജി നല്‍കിയത്. എന്നാല്‍ ഇതിനുള്ള കാരണങ്ങള്‍ തെളിയിക്കാന്‍ ഇയാള്‍ക്ക് സാധിച്ചില്ല.ഇതേതുടര്‍ന്ന് തന്റെ ഹരജിക്ക് ആവശ്യമായ തെളിവുകള്‍ നല്‍കാന്‍ സാധിക്കാത്ത ഹരജിക്കാരന്‍ നിയമനടപടികളെ ദുരുപയോഗം ചെയ്തുവെന്നാണ് സുപ്രിംകോടതി പറഞ്ഞത്. ഒരു മാസത്തിനകം സുപ്രിംകോടതി രജിസ്ട്രിയില്‍ പിഴതുക നല്‍കണമെന്നും വ്യക്തമാക്കി.
 

Latest News