Sorry, you need to enable JavaScript to visit this website.

ഇന്ത്യയിലെ മതവിവേചനം; ആള്‍ക്കൂട്ട കൊലകളും സി.എ.എയും ചൂണ്ടിക്കാട്ടി യു.എസ് റിപ്പോര്‍ട്ട്

യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ

വാഷിംഗ്ടണ്‍- യു.എസ് വിദേശകാര്യ വകുപ്പ് പുറത്തിറക്കിയ രാജ്യാന്തര മതസ്വാതന്ത്ര്യ റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ ഗോ സംരക്ഷകരുട ആള്‍ക്കൂട്ട ആക്രമണങ്ങളും ജമ്മു കശ്മീരിന്റെ പദവി നീക്കിയതും പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും ഇടം പിടിച്ചു. മതവിവേചനത്തിന്റെ ഉദാഹരണങ്ങളായാണ് ഇവ ചേര്‍ത്തിരിക്കുന്നത്.

ആള്‍ക്കൂട്ട ആക്രമണങ്ങളെ കുറിച്ചും മതപരിവര്‍ത്തന നിരോധ  നിയമത്തെ കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന റിപ്പോര്‍ട്ട് യു.എസ് കോണ്‍ഗ്രസിനു സമര്‍പ്പിച്ചിരിക്കയാണ്.

മതത്തിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലകളും വര്‍ഗീയസംഘര്‍ഷങ്ങളും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് മാധ്യമ റിപ്പോര്‍ട്ടുകളും സര്‍ക്കാരിതര സംഘടനകളുടെ പ്രസ്താവനകളും ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ടില്‍ പറയുന്നു.

ബി.ജെ.പി അടക്കമുള്ള ഹിന്ദു ഭൂരിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുകയും സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

ജാര്‍ഖണ്ഡില്‍ തബ്രീസ് അന്‍സാരിയെ പോലുള്ളവരെ ഗോ രക്ഷയുടെ പേരില്‍ കൊലപ്പെടുത്തിയതടക്കമുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ടില്‍ വിവരിക്കുന്നു. ബാബരി മസ്ജിദ് സംബന്ധിച്ച് സുപ്രീം കോടതി കൈക്കൊണ്ട തീരുമാനം വിശദീകരിക്കുന്ന റിപ്പോര്‍ട്ടില്‍ ഇത്തരം വിഷയങ്ങളില്‍ അമരിക്ക സ്വീകരിച്ച നിലപാടും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

 

Latest News