ഭോപ്പാല്‍- മധ്യപ്രദേശില്‍ സ്‌കൂളില്‍ മുസ്‌ലിം വിദ്യാര്‍ത്ഥികളെ പരീക്ഷാഹാളിന് പുറത്തിരുത്തി പരീക്ഷ എഴുതിച്ചതായി ആരോപണം. ഇന്ദോറിലെ നൗലഖയിലെ ബംഗാളി സ്‌കൂളിലാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ മുസ്‌ലിം കുട്ടികളെ പുറത്തിരുത്തി പരീക്ഷ എഴുതിച്ചത്. ഇതിനെതിരെ കോണ്‍ഗ്രസ് എംഎല്‍എ ആരിഫ് മസൂദാണ് രംഗത്തെത്തിയത്. അദ്ദേഹം മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് നടപടിയാവശ്യപ്പെട്ട് കത്ത് നല്‍കി.
ഇസ്‌ലാമിയ കരീമിയ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷാ കേന്ദ്രം ഈ സ്‌കൂളിലായിരുന്നു. ഈ വിദ്യാര്‍ത്ഥികള്‍ക്കാണ് ദുരനുഭവമുണ്ടായത്.ജൂണ്‍ ഒന്‍പതിന് നടന്ന പരീക്ഷ എഴുതാനെത്തിയ കരീമിയ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. പിന്നീട് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചതോടെ ഹാളിന് പുറത്തിരുത്തി പരീക്ഷ നടത്തുകയായിരുന്നു.
അതേസമയം കോവിഡ് 19 റെഡ്‌സോണില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളായതിനാലാണ് പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കാതിരുന്നതെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു. അതേസമയം റെഡ്‌സോണിലില്ലാത്ത മുസ്‌ലിം വിദ്യാര്‍ത്ഥികളോടും വിവേചനം കാണിച്ചുവെന്ന് രക്ഷിതാക്കള്‍ അറിയിച്ചു.