ന്യൂദല്‍ഹി- സ്വകാര്യലാബ് കൊറോണ പരിശോധനാഫലം തെറ്റായി നല്‍കിയതിനെ തുടര്‍ന്ന് മുപ്പത്തിയഞ്ച് പേര്‍ക്ക് കോവിഡ് വാര്‍ഡില്‍ കഴിയേണ്ടി വന്നു. നോയിഡയിലാണ് സംഭവം. ചില സ്വകാര്യലാബുകളില്‍ നടത്തിയ പരിശോധനാഫലമാണ് ആശങ്കയുണ്ടാക്കിയത്. ഇതേതുടര്‍ന്ന് സ്വകാര്യലാബുകള്‍ക്ക് എതിരെ നോയിഡ അഡ്മിനിസ്‌ട്രേഷന്‍ കേസെടുത്തു. ചുമയും ജലദോഷവും പനിയുമുണ്ടായിരുന്ന 35 പേര്‍ സ്വകാര്യ ഡോക്ടറുടെ പക്കല്‍ ചികിത്സക്ക് എത്തിയിരുന്നു. ഇവരോട് കോവിഡ് 19 ടെസ്റ്റ് നടത്താനാണ് നിര്‍ദേശിച്ചത്. ഇതേതുടര്‍ന്ന് സ്വകാര്യ ലാബിനെ സമീപിക്കുകയായിരുന്നു.
ഇവരുടെ എല്ലാവരുടെയും സാമ്പിള്‍ പരിശോധനാഫലം പോസിറ്റീവായെന്ന് ലാബുകള്‍ റിപ്പോര്‍ട്ടും നല്‍കി. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുകയും ചെയ്തു. എന്നിരുന്നാലും ഇവരുടെ സാമ്പിളുകള്‍ വീണ്ടും ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലാബുകളില്‍ പരിശോധിച്ചു. അപ്പോഴാണ് ഇവരുടെ ഫലം നെഗറ്റീവാണെന്ന് മനസിലായതെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. ഇതേതുടര്‍ന്ന് എല്ലാവരെയും ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.
കോവിഡ് -19 ടെസ്റ്റുകളിലെ വീഴ്ചയെക്കുറിച്ച് ആറ് ലാബുകള്‍ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഒന്നിനെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്, മറ്റുള്ളവര്‍ക്ക് ഞങ്ങള്‍ നോട്ടീസ് അയച്ചിട്ടുണ്ട്, ''നോയിഡ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ദീപക് ഒഹ്രിയെ ഉദ്ധരിച്ച് പറഞ്ഞു.ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) പരിശോധന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടില്ലെന്നും നോട്ടീസില്‍ പറയുന്നു.
സാമ്പിളുകള്‍ അനുവദനീയമായ താപനിലയിലായിരുന്നില്ല സൂക്ഷിച്ചതെന്നും ഇതാണ് തെറ്റായ ഫലം ലഭിക്കാന്‍ കാരണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. കൂടാതെ ഈ ലാബുകളൊന്നും ഐസിഎംആറില്‍ രജിസ്ട്രര്‍ ചെയ്തിട്ടില്ല. ഓരോ ടെസ്റ്റിനും 4500 രൂപ മുതല്‍ 5000 വരെ ഈടാക്കിയിരുന്നു.