ഭോപാൽ- മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കിയതിന് പിന്നിൽ ബി.ജെ.പി ദേശീയ നേതാക്കളെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കോൺഗ്രസ്. ഭൂരിപക്ഷമുള്ള ഒരു സർക്കാറിനെ കള്ളക്കളികളിലൂടെ താഴെയിറക്കിയതിനെതിരെ രാഷ്ട്രപതി സമീപിക്കുമെന്നും മുൻ മുഖ്യമന്ത്രി കമൽനാഥ് വ്യക്തമാക്കി.
ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ താഴെയിറക്കാൻ ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്ന വിവരം താൻ ആദ്യം മുതലേ അറിയിച്ചിരുന്നു. മതിയായ ഭൂരിപക്ഷം ഉണ്ടായിട്ടും തന്റെ സർക്കാരിനെ താഴെയിറക്കാൻ ബി.ജെ.പി കേന്ദ്ര നേതൃത്വം വലിയ ശ്രമം നടത്തിയിരുന്നെന്ന കാര്യത്തിന് ഇപ്പോൾ വ്യക്തത വന്നിരിക്കുകയാണ്.
'സർക്കാറിനെ താഴെയിറക്കിയത് കോൺഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളായിരുന്നില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. ബി.ജെ.പി തന്നെയാണ് ഇത് തെളിവുസഹിതം പുറത്തറിയിച്ചിരിക്കുന്നതെന്നും കമൽനാഥ് പറഞ്ഞു. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെയാണ് ജനാധിപത്യസംവിധാനങ്ങളോടെ അധികാരത്തിലേറിയ സർക്കാരിനെ താഴെയിറക്കാൻ കേന്ദ്ര സർക്കാർ ഇടപെട്ടെന്ന വിവരം പുറത്തുവിട്ടിരിക്കുന്നതെന്ന് കോൺഗ്രസ് സംസ്ഥാന വക്താവ് ജിതു പത്വാരി പറഞ്ഞു. ഇ്ക്കാര്യത്തിൽ ബി.ജെ.പി ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. പ്രതികരണത്തിനായി ദേശീയ മാധ്യമങ്ങൾ ബി.ജെ.പി നേതാക്കളെ ബന്ധപ്പെട്ടെങ്കിലും അവർ ഒഴിഞ്ഞുമാറുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.