ലോസ്ഏഞ്ചല്‍സ്-കൊറോണാ വൈറസ് രോഗം മൃഗങ്ങളിലൂടെ പടരാനുള്ള സാധ്യതയെക്കുറിച്ച് ലോകവ്യാപകമായി ആശങ്കകള്‍ ഉയരുന്നതിനിടെ ഇപ്പോഴിതാ അമേരിക്കയില്‍ ആദ്യമായി ഒരു നായയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായയ്ക്കാണ് ന്യൂയോര്‍ക്കില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ബഡ്ഡി എന്ന് പേരുള്ള നായയെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് വെറ്റിനറി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ബഡ്ഡി എന്ന നായയ്‌ക്കൊപ്പം മറ്റു രണ്ടു നായകള്‍ കൂടി അതേ വീട്ടില്‍ കഴിഞ്ഞിരുന്നു. രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും ബഡ്ഡിയില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മറ്റ് രണ്ടു നായകളുടെയും ശരീരത്തില്‍ കൊറോണ വൈറസിന്റെ ആന്റിബോഡികള്‍ ഉള്ളതായി കണ്ടെത്തി. ബഡ്ഡിയെ വളര്‍ത്തിയിരുന്ന കുടുംബാംഗങ്ങളില്‍ ഒരാള്‍ക്ക് പരിശോധനാഫലം പോസിറ്റീവായിരുന്നതായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ പ്രസ്താവനയില്‍ അറിയിച്ചു. മുന്‍പ് ഹോങ്കോങ്ങില്‍ നായകള്‍ക്ക് വൈറസ് ബാധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു എങ്കിലും അവ എണ്ണത്തില്‍ വളരെ കുറവായിരുന്നു. വീടുകളില്‍ വളര്‍ത്തുന്ന ചില പൂച്ചകള്‍ക്കും ന്യൂയോര്‍ക്കിലെ തന്നെ ബ്രോങ്ക്‌സ് മൃഗശാലയിലെ ഒരു കടുവയ്ക്കും രോഗബാധ ഉണ്ടായതായി കണ്ടെത്തിയിരുന്നു. ഉടമസ്ഥരില്‍ നിന്നും വളര്‍ത്തുമൃഗങ്ങള്‍ക്ക് രോഗം ബാധിക്കുന്നതായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും മൃഗങ്ങളിലൂടെ രോഗം പടരാനുള്ള സാധ്യതയുള്ളതായി ഇനിയും തെളിഞ്ഞിട്ടില്ല. മൃഗങ്ങള്‍ക്ക് രോഗം വരുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് രോഗബാധ ഉണ്ടെന്ന് സംശയിക്കുന്നവര്‍ വളര്‍ത്തുമൃഗങ്ങളില്‍ നിന്നും അകലം പാലിക്കണമെന്ന നിര്‍ദ്ദേശമാണ് അധികൃതര്‍ മുന്നോട്ടു വയ്ക്കുന്നത്.