അഞ്ചാംക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസ് നിര്‍ത്തിവെച്ച് സര്‍ക്കാര്‍

ബംഗളുരു- അഞ്ചാം ക്ലാസ് വരെയുള്ള സ്‌കൂള്‍ കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിവെക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടു.  കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ അഞ്ചാംക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകളാണ് നിര്‍ത്തിവെച്ചത്.മറ്റ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഫീസ് ഈടാക്കാന്‍ പാടില്ലെന്നും പ്രൈമറി ആന്റ് സെക്കന്ററി എജ്യൂക്കേഷണല്‍ മന്ത്രി എസ് സുരേഷ് കുമാര്‍ ഉത്തരവിട്ടു. 

ഓണ്‍ലൈന്‍ ക്ലാസുകള്‍ സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ വിദഗ്ധരുമായും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ഫിസിക്കല്‍ ക്ലാസുകള്‍ക്ക് പകരമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താന്‍ കഴിയില്ലെന്നാണ് എല്ലാവരുടെയും അഭിപ്രായം.സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിനെക്കുറിച്ച് വ്യക്തതയില്ലാതെ ഈ കാലയളവില്‍ കുട്ടികളുമായി എങ്ങനെ ഇടപഴകാം എന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രൊഫസര്‍ എം കെ ശ്രീധറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുമായി ഇടപഴകുന്നതിനും അവരുടെ അറിവ് വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.കിന്റര്‍ഗാര്‍ട്ടന്‍ കുട്ടികള്‍ക്കായി പോലും സ്വകാര്യ സ്‌കൂളുകള്‍ നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസുകളെക്കുറിച്ച് മാതാപിതാക്കള്‍ പരാതിപ്പെടുന്നതിനാല്‍ നടപടിയെടുക്കാന്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.
ലോക്ക്ഡൗണ്‍ കാരണം നിരവധി ആളുകളുടെ സാമ്പത്തിക പരിമിതികള്‍ കണക്കിലെടുത്ത്  ഫീസ് ഉയര്‍ത്തരുതെന്ന് സര്‍ക്കാര്‍ വിദ്യാഭ്യാസ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും കുമാര്‍ പറഞ്ഞു. 

Latest News